അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.
പത്തനംതിട്ട തെങ്ങമത്താണ് സംഭവം. തീറ്റയ്‌ക്കൊപ്പം അരളി ചെടിയുടെ ഇല അബദ്ധത്തില്‍ നല്‍കുകയായിരുന്നു.
പത്തനംതിട്ട: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. പത്തനംതിട്ട തെങ്ങമത്താണ് സംഭവം. തീറ്റയ്‌ക്കൊപ്പം അരളി ചെടിയുടെ ഇല അബദ്ധത്തില്‍ നല്‍കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് പശുവും കിടാവും ചത്തത്. തെങ്ങമം സ്വദേശിനി പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്. ചത്ത പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി.
പശുവിന് ദഹനക്കേടെന്ന് ആദ്യം കരുതിയിരുന്നത്. പങ്കജവല്ലി മൃഗാശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു സംശയം. മരുന്ന് വാങ്ങി തിരിച്ചെത്തിയ പങ്കജവല്ലി പശുക്കിടാവ് ചത്തുകിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ തള്ളപ്പശുവും ചത്തു. പങ്കജവല്ലിക്ക് രണ്ട് പശുക്കള്‍ കൂടിയുണ്ട്. ഇവയ്ക്ക് അരളി ചെടിയുടെ ഇല നല്‍കിയിരുന്നില്ല.
യുകെ യാത്രയ്ക്കിടെ മലയാളി നഴ്‌സ് സൂര്യ മരിച്ചത് അരളി പൂവ് കഴിച്ചതിനെ തുടര്‍ന്നാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. സൂര്യയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകൂ. യുകെയിലേക്ക് തിരികെ പോകുന്നതിനായി നെടുമ്പാശ്ശേരിയിലേക്ക് പോകും വഴിയാണ് സൂര്യ മരിച്ചത്. വീട്ടില്‍ വെച്ച് അറിയാതെ അരളി പൂവ് കടിച്ചിരുന്നു.