മണിപ്പൂർ സംഘർഷത്തിൽ മരണം 98 , 310 പേർക്ക് പരിക്ക് മുഖ്യമന്ത്രിക്കെതിരെ എം എൽ എ മാരുടെ പരാതി 

കലാപം തടയുന്നതിൽ പരാജയപ്പെട്ട ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് രണ്ട് മന്ത്രിമാരുൾപ്പടെ കുകി വിഭാഗത്തിൽനിന്നുള്ള പത്ത് എംഎൽഎമാർ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് നിവേദനവും നൽകി.

0

ഇംഫാല്‍ | മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്, 310 പേർക്ക് പരിക്കേറ്റു, തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു, ഭൂരിഭാ​ഗം ജില്ലകളിലും തുടർ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല, 5 ജില്ലകളില്‍ കർഫ്യൂ പിന്‍വലിച്ചു, 11 ജില്ലകളില്‍ കർഫ്യൂ ഇളവ് നല്കി , ആയുധങ്ങൾ താഴെവയ്ക്കണണെന്ന ഷായുടെ അഭ്യർത്ഥനക്ക് പിന്നാലെ 140 പേര്‍ ആയുധങ്ങൾ നല്കിയെന്ന് അധികൃതർ വ്യക്തമാക്കി.അതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗിന്റെ ഭാവി തുലാസിലായി. കുകി മെയ്തി വിഭാ​ഗക്കാരായ എംഎൽഎമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നൽകി. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിൽ വിലക്കയറ്റം രൂക്ഷമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുമ്പോൾ കടുത്ത പ്രതിഷേധം കാരണം ഗോത്ര വർഗ മേഖലകളിൽ ഒപ്പം പോകാൻപോലും മുഖ്യമന്ത്രി ബിരേൻ സിംഗിനായിരുന്നില്ല. കലാപം തടയുന്നതിൽ പരാജയപ്പെട്ട ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് രണ്ട് മന്ത്രിമാരുൾപ്പടെ കുകി വിഭാഗത്തിൽനിന്നുള്ള പത്ത് എംഎൽഎമാർ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് നിവേദനവും നൽകി. ഇതിൽ 5 പേർ ബിജെപി എംഎൽഎമാരാണ്. ബിരേൻ സിംഗ് പരാജയപ്പെട്ടെന്ന് ബിജെപി മണിപ്പൂർ സെക്രട്ടരി പോക്കാം ഹോക്കിപും തുറന്നടിച്ചു. ബിരേൻ സിംഗിനോടുള്ള എതിർപ്പ് പരസ്യമാക്കി നാല‍് ബിജെപി എംഎൽഎമാർ നേരത്തെ വിവിധ സർക്കാർ സ്ഥാനങ്ങളിൽനിന്നും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പോലീസ് തങ്ങളെ ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയാണെന്നും, ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നും കുകി വിഭാഗക്കാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ്തി വിഭാഗക്കാരിൽനിന്നും ബിരേൻ സിംഗിനുള്ള പിന്തുണ നാൾക്കുനാൾ ഇടിയുകയാണ്.

കലാപത്തിന്റെ പശ്ചാത്തലത്തിൽ 25 ശതമാനം മെയ്തി വിഭാഗക്കാരുടെ പിന്തുണ മാത്രമാണ് ഇപ്പോൾ ബിരേൻ സിംഗിനുള്ളതെന്നാണ് എംഎൽഎമാർ പറയുന്നത്. ഇതോടെയാണ് ബിരേൻ സിംഗിനെ നീക്കണോയെന്നതിൽ ബിജെപി കേന്ദ്ര നേതൃത്വവും ആലോചന തുടങ്ങിയത്. ദില്ലിയിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്ര നേതൃത്ത്വം വൈകാതെ അന്തിമ തീരുമാനമെടുത്തേക്കും. കലാപം തടയുന്നതിൽ സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടാെയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്രസർക്കാറിനും നേരത്തെ ലഭിച്ചിട്ടുണ്ട്. അതേസമയം താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നും ബിരേൻ സിംഗ് പറഞ്ഞു. സംഘർഷം തുടരുന്ന പശ്ചാത്തലത്തില് സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില റോക്കറ്റുകണക്കെ കുതിക്കുകയാണ്. ഉരുള കിഴങ്ങിന് കിലോയ്ക്ക് ഇരുന്നൂറ് രൂപയായായെന്നാണ് റിപ്പോർട്ടുകൾ. തുടന്ന് വിലക്കയറ്റം തടയാനുള്ള നടപടികൾ തുടങ്ങിയെന്ന് സർക്കാർ അറിയിച്ചു.

You might also like

-