17കാരനെ പീഡിപ്പിച്ച കേസിൽ 23 കാരി അറസ്റ്റിൽ
മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാണാതായി രണ്ട് ആഴ്ച പിന്നിട്ട ശേഷമാണ് സൂറത്തിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്.
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. ഗുജറാത്തിലെ അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസിൽ 23 കാരിയെയാണ് പോക്സോ നിയമപ്രകാരം കേസ്സെടുത്ത് അറസ്റ്റ് ചെയ്തത്.പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ മെയ് 25 മുതൽ ആണ്‍കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാണാതായി രണ്ട് ആഴ്ച പിന്നിട്ട ശേഷമാണ് സൂറത്തിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. അവിടെ യുവതിക്കൊപ്പമായിരുന്ന കുട്ടിയെ പൊലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകിയാണ് യുവതി ആൺകുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടിയെ ഇവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ കുറ്റത്തിന് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്