2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികൾക്ക്
933 പേരുടെ റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. പാലാക്കാരി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി.
ഡല്‍ഹി| 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആറാം റാങ്ക് നേടിയ കോട്ടയം പാല പുലിയന്നൂര്‍ സ്വദേശി ഗഹന നവ്യ ജെയിംസാണ് മലയാളികളില്‍ ഒന്നാമത്. പാലാ സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം നേടിയത്. നിലവില്‍ എംജി യൂണിവേഴ്സിറ്റിയില്‍ ഗവേഷകയാണ്. സിവില്‍ സര്‍വീസ് പഠനത്തിനായി സ്വയം പരിശീലിച്ചാണ് ഗഹന നേട്ടം സ്വന്തമാക്കിയത്. അധ്യാപകന്‍ ജെയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്.
#WATCH | Ishita Kishore, who has secured 1st rank in UPSC 2022 exam, says, "One has to be disciplined and sincere to be able to achieve this." pic.twitter.com/YKziDcuZJz
— ANI (@ANI) May 23, 2023
ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക് . ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ. റാങ്ക് ലിസ്റ്റിലെ ആദ്യ 20 സ്ഥാനങ്ങളില്‍ മറ്റ് മലയാളികളില്ല. വി.എം.ആര്യ (36), അനൂപ് ദാസ് (38), എസ്. ഗൗതം രാജ് (63) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ.