വന്ദേ ഭരത് മിഷൻ ബഹ്‌റൈനില്‍ നിന്നും 177 പേര് നാടണഞ്ഞു
77 യാത്രക്കാരിൽ 30 ഗര്‍ഭിണികളടക്കം അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 74 പുരുഷന്‍മാരും 15 ആണ്‍കുട്ടികളും 78 വനിതകളും 10
കൊച്ചി: വന്ദേ ഭരത് മിഷന്റെ ഭാഗമയായി ബഹ്‌റൈനില്‍ നിന്നും 177 യാത്രക്കാരുമായി നാലാമത്തെ വിമാനവും കേരളത്തിലെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. രാത്രി 11.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ എത്തിയവരെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കും.
177 യാത്രക്കാരിൽ 30 ഗര്‍ഭിണികളടക്കം അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 74 പുരുഷന്‍മാരും 15 ആണ്‍കുട്ടികളും 78 വനിതകളും 10 പെണ്‍കുട്ടികളുമടങ്ങുന്ന സംഘമായിരുന്നു യാത്രക്കാര്‍.
അടിയന്തര ചികിത്സയ്ക്കായി നാട്ടിലേക്കെത്തിയ നാലു പേരും വിമാനത്തിലുണ്ടായിരുന്നു. സന്ദര്‍ശക വീസയില്‍ പോയവരാണ് രണ്ടു പേര്‍. അടിയന്തര ചികിത്സയ്ക്ക് എത്തുന്നവരെ ആശുപത്രിയിലേയ്ക്കും ഗര്‍ഭിണികളെയും പ്രായമായവരെയും കുട്ടികളെയും വീടുകളിലേയ്ക്കും ബാക്കിയുള്ളവരെ എറണാകുളത്തും വിവിധ കേന്ദ്രങ്ങളിലും സജ്ജമാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും മാറ്റി.
എറണാകുളം ജില്ലക്കാരായ 35 പേരാണ് ബഹ്‌റൈന്‍-കൊച്ചി വിമാനത്തില്‍ ഉണ്ടായിരുന്നത്. തൃശൂരില്‍ നിന്ന് 37, കോട്ടയം 23, ആലപ്പുഴ 14, ബെംഗളുരു 3, ഇടുക്കി 7, കണ്ണൂര്‍ 2, കാസര്‍കോട്, മധുര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് 1 വീതം, കൊല്ലം 10, കോഴിക്കോട് 4, മലപ്പുറം 5, പാലക്കാട് 15, പത്തനംതിട്ട 19 എന്നിങ്ങനെയായിരുന്നു യാത്രക്കാര്‍.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരില്‍ ഫസ്റ്റ് ഓഫിസറൊഴികെ ബാക്കിയെല്ലാവരും മലയാളികളായിരുന്നു. വി.എസ്.മനോജ് കുമാര്‍ ആയിരുന്നു ക്യാപ്റ്റന്‍. ഫസ്റ്റ് ഓഫിസര്‍ കോബിന്‍മന്‍ ഖുപ്‌ടോങ്. കെ.ജി.ശ്യാമായിരുന്നു കാബിന്‍ ക്രൂ ഇന്‍ ചാര്‍ജ്. ദിവ്യലക്ഷ്മി, എം.അനൂപ്, റോട്ടു തങ്കപ്പന്‍ എന്നിവര്‍ ആണ് മറ്റു കാബിന്‍ ജീവനക്കാര്‍. വിമാനം തിരുവനന്തപുരത്തു നിന്ന് ബഹ്‌റൈനിലേക്കു പറന്നപ്പോള്‍ നിയന്ത്രിച്ചിരുന്ന പൈലറ്റുമാരായ മുകുള്‍ മാത്തുര്‍, ജയകുമാരന്‍ തമ്പി എന്നിവര്‍ ഇതേ വിമാനത്തില്‍ തന്നെ മടങ്ങും.ശനിയാഴ്ച പ്രവാസികളുമായി മൂന്നു വിമാനങ്ങളാണ് കൊച്ചിയിലെത്തുന്നത്. ആദ്യത്തെ വിമാനം മസ്‌കത്തില്‍ നിന്ന് രാത്രി 8.50ന് കൊച്ചിയിലെത്തും. രണ്ടാമത്തെ വിമാനം കുവൈത്തില്‍ നിന്ന് രാത്രി 9.15നായിരിക്കും എത്തുക. മൂന്നാമത്തെ വിമാനം ദോഹയില്‍ നിന്നാണ്. പുലര്‍ച്ചെ 1.40 ന് ഇത് കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.