വയനാട് മേപ്പാടി ഉരുള്‍പൊട്ടല്‍ 168 മരണം സ്ഥിതീകരിച്ചു .മരണസംഖ്യ ഇനിയും വർദ്ധിക്കാൻ സാധ്യത 3069 പേര് ദുരിതാശ്വസക്യാമ്പിൽ

കാണാതായവർക്കുവേണ്ടി ദൗത്യസംഘം പുലർ‌ച്ചെ മുതൽ തിരച്ചിൽ നടത്തിവരുകയാണ് . നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്

0

കൽപറ്റ| വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 168 മരണം സ്ഥികരിച്ചിട്ടുണ്ട് .ഒരു ​ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ​ഗുരുതരമായി തുടരുകയാണ്.പരുക്കേറ്റ പലരുടേയും നില അതീവ ​​ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി ദൗത്യസംഘം പുലർ‌ച്ചെ മുതൽ തിരച്ചിൽ നടത്തിവരുകയാണ് . നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. അട്ടമലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ പുറത്തെത്തിക്കുമെന്നാണ് വിവരം. നിലവിൽ അട്ടമലയിലെ ഒരു മദ്രസയിൽ കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരാണെന്നാണ് വിവരം.

നാളെ സർവകക്ഷി യോഗം, മുഖ്യമന്ത്രി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നാളെ സർവകക്ഷി യോഗം ചേരും. വയനാട് വച്ചാണ് സർവകക്ഷിയോഗം ചേരുക. മുഖ്യമന്ത്രി നാളെ രാവിലെ വയനാട് എത്തും. നിലവിൽ വയനാടുള്ള ഒമ്പത് മന്ത്രിമാർ ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

വളർത്തുമൃ​ഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. 400 ലധികം വീടുകൾ ഉണ്ടായിരുന്ന മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു . പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിക്കും. ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സൈന്യത്തിന്റെ 3 കെടാവർ ഡോ​ഗുകളും ഒപ്പമെത്തും.

കൂടാതെ, കാലവർഷ ദുരന്തങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകി ഉത്തരവിറക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 6 മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു.

ചൂരൽമല, മുണ്ടക്കൈ ഭാ​ഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഇതിനിടെ ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 98 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ ര​ക്ഷാപ്രവർത്തനം നടത്തുന്നത്.
ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി അവശ്യ സാധനങ്ങൾ സംഭരിക്കുന്നതിന് എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ശേഖരണ കേന്ദ്രം തുറക്കുന്നുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് കടവന്ത്ര റീജിയണൽ സ്പോർട്ട്സ് സെൻ്ററിൽ കളക്ഷന്‍ തുറക്കും

You might also like

-