ഡൽഹി: ഇന്ത്യയിലേക്കു മടങ്ങുന്നത് ഒഴിവാക്കാൻ ബ്രിട്ടനിൽ രാഷ്ട്രീയ അഭയം നേടാൻ ശ്രമങ്ങളുമായി നീരവ് മോദി. ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ തന്നെ സഹായിക്കാൻ കഴിയുന്ന ഒരു അഭിഭാഷകനെ നീരവ് മോദി തെരയുകയാണെന്ന് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ബ്രിട്ടനിൽ രണ്ട് നിയമ സ്ഥാപനങ്ങളെ നീരവ് മോദി സമീപിച്ചെന്നാണു സൂചന. ഇതിൽ ഒന്ന് ഇന്ത്യൻ വംശജനായ അഭിഭാഷകൻ ആനന്ദ് ദൂബെയുമായി ബന്ധമുള്ള ബുട്ടീക് ലോ എന്ന സ്ഥാപനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോടികൾ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിജയ് മല്ല്യയെ സഹായിക്കുന്ന അഭിഭാഷകൻ കൂടിയാണ് ആനന്ദ്. അതേസമയം, നീരവ് മോദിയുടെ യാത്രകളെ സംബന്ധിച്ചും ഇയാൾ എവിടെയാണ് എന്നതു സംബന്ധിച്ചും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ അറിയിച്ചു.
കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽനിന്നു കടന്ന മോദി ഹോങ്കോംഗിലല്ല, മറിച്ച് അമേരിക്കയിലാണ് ഒളിവിൽ കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്.
മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇയാൾ ഇപ്പോൾ ന്യൂയോർക്കിലാണ്. ലോസ് റീജൻസി ഹോട്ടലിനു പരിസരത്ത് ഇയാളെ കണ്ടവരുണ്ട്