റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവൻ
ആലിൻ ഷെറിൻ്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ നിർദേശവുമായി പൊലീസ്
തിരുവനന്തപുരം | റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങൾ 5 പേർക്ക് പുതുജീവനേകും റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍.
വേർപാടിന്‍റെ വേദനയിലും 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മാതാപിതാക്കൾ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും റോഡ് മാർഗം അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. ആലിന്‍ ഷെറിന്‍റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും.
ആലിൻ ഷെറിൻ്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ നിർദേശവുമായി പൊലീസ്. അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പർ ആംബുലൻസിന് ജനങ്ങൾ വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിന്റെ നിർദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം. ഇടപ്പള്ളി- വൈറ്റില വഴി കുണ്ടന്നൂർ, മിനി ബൈപ്പാസ് – തൃപ്പൂണിത്തുറ- പുത്തൻകാവ്- ഏറ്റുമാനൂർ- കോട്ടയം – വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കാണ് അവയവങ്ങൾ എത്തിക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെയാണ് ഇടപ്പള്ളി ആശുപത്രിയിൽ നിന്ന് ആംബുലൻസ് യാത്ര തിരിച്ചത്. വഴിയിലുടനീളം ട്രാഫിക് പൊലീസും പൊലീസും ഗതാഗത ക്രമീകരണം നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. അതേസമയം, കിംസ് ആശുപത്രിയിൽ അതിസങ്കീർണ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇവിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ നൽകുന്നത്. കിംസിൽ എത്തിച്ച ശേഷം ആംബുലൻസ് നേരെ എസ്എടി ആശുപത്രിയിലേക്ക് തിരിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ ഷെറിൻ അബ്രഹാം.
ആലിൻ്റെ വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിയ്ക്കാണ് നൽകുന്നത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്.