ഹാരിസണ്‍ മലയാളം കേസിൽ “സര്‍ക്കാര്‍ തോറ്റുകൊടുത്തു” തിരിച്ചടി ഗുഡാലോചനയെന്ന് വി .മുരളീധരൻ
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ഭൂമി സംബന്ധിച്ച കേസില്‍ കോടതിയില്‍ തിരിച്ചടിയേറ്റത് നിയമ-റവന്യൂ-വകുപ്പുകളുടെ ഗൂഡാലോചനയുടെ ഫലമാണെന്ന് വി.മുരളീധരന്‍ എം.പി. ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊടുക്കുകയാണ് ചെയ്തത്. ഒന്നുമറിയാത്ത ഗവണ്‍മെന്റ് പ്ലീഡര്‍മാരെക്കൊണ്ട് കേസ് വാദിപ്പിച്ച് ഒത്തുകളിച്ചതിലൂടെയാണ് സര്‍ക്കാര്‍ ഈ വിധി നേടിയിരിക്കുന്നത്.
ഈ വിധി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലും നിഴലിക്കും. സര്‍ക്കാരിന്റെ വകയായ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചില്‍നിന്നും പണംകൊടുത്തുവാങ്ങി വിമാനത്താവളം തുടങ്ങാനുള്ള നീക്കത്തിനുകൂടി സഹായകരമാകും. തുടര്‍ച്ചയായി സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ടീമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയുന്ന ആളുകള്‍ തന്നെ വന്‍കിടക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ മത്സരിക്കുകയാണ്. വിനായകനും മധുവും തിരുവനന്തപുരത്തെ രാജേഷുമടക്കം പതിനേഴോളം ദളിത് യുവാക്കളാണ് ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസുകാരും മെച്ചമല്ല, പാവപ്പെട്ട പിന്നോക്കക്കാരന്റെ കിടപ്പാടം കവര്‍ന്ന സര്‍ക്കാരാണ് അവരുടേതെന്ന് വി.മുരളീധരന്‍ ആരോപിച്ചു.