ഹാരിസണ്‍ കേസ് : സർക്കാർ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന് അടക്കമുള്ള വിവിധ പ്ലാന്‍റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുകളെല്ലാം സംസ്ഥാന സര്‍ക്കാരിന് വന്നു ചേരുമെന്നും അതിന്‍റെ ഉടമസ്ഥന്‍ സര്‍ക്കാരാണ് എന്നതിനാല്‍ പ്ലാന്‍റേഷന്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമായിരുന്നു എം.ജി.രാജമാണിക്യം കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ രാജമാണിക്യം റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് വിധി പ്രസ്താവിച്ചു കൊണ്ട് ഹൈക്കോടതി നടത്തിയത്. വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്‍റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം ഐഎഎസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.