ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, സമഗ്ര വിദ്യാഭ്യാസ പരിഷ്ക്കരണ യജ്ഞം
നമുക്കുവേണ്ടി, നാടിനുവേണ്ടി
നാലുമിഷനുകള്‍;
മിഷനുകള്‍ എന്തുചെയ്തു- ഒരവലോകനം- എം.വി ജയരാജന്‍
ഭാവിയിലേക്കുകൂടി നോക്കിക്കൊണ്ടാണ് പിണറായി സര്‍ക്കാര്‍ ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നതെന്നത് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നാല് മിഷനുകളായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, സമഗ്ര വിദ്യാഭ്യാസ പരിഷ്ക്കരണ യജ്ഞം എന്നിവ ഇത്തരത്തില്‍ വിഭാവനം ചെയ്തതാണ്. ഹരിതകേരളം കേവലം വൃക്ഷതൈ വച്ചുപിടിപ്പിക്കല്‍ മാത്രമല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു. വരട്ടാര്‍ അടക്കം എട്ട് ആറുകള്‍ ജനകീയ പങ്കാളിത്തത്തോടെ ശൂചീകരിച്ചപ്പോള്‍ നാട്ടിലാകെ ഉത്സവമായി. 9200 കിലോ മീറ്റര്‍ പുഴകള്‍ക്കും തോടുകള്‍ക്കും 11000 കുളങ്ങള്‍ക്കും പുനര്‍ജന്മം. 5000 പുതിയ കുളങ്ങള്‍ നിര്‍മ്മിച്ചു. 1620 കനാലുകള്‍ ശുചീകരിച്ചു. ഇതിനുപുറമെയാണ് പുതിയ കിണറുകളും നിലവിലുള്ള കിണറുകളും ശൂചീകരിച്ചത്. ജലസമ്പത്ത് സം രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. 25000 ഹെക്ടറില്‍ പുതുതായി നെല്‍ക്കൃഷി ആരംഭിച്ചു. എല്ലാവീട്ടിലും ജൈവ പച്ചക്കറി കൃഷി , രണ്ടുലക്ഷം വീടുകളില്‍ ഉറവിട മാലിന്യ സംസ്ക്കരണം. അതിനുപുറമെ നഗരങ്ങളില്‍ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതികള്‍. ഇതിനെല്ലാം പുറമേ 86 ലക്ഷം വൃക്ഷതൈ നടുകയും ചെയ്തു. 2018 ലെ പരിസ്ഥിതിദിനാചരണത്തിന്‍റെ ഭാഗമായി 3 കോടി തൈകള്‍ കേരളത്തില്‍ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ, പരിസ്ഥിതിയുമായി ബന്ധപ്പെടുന്ന ഒരുപാട് പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് ഹരിതകേരളം.
ഒട്ടേറെ കാര്യങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതുകൊണ്ടാണ് ഇതൊരു വലിയ മിഷന്‍ തന്നെയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണുന്നത്. പരിസ്ഥിതിയൊരുങ്ങിയാല്‍ പിന്നെ വേണ്ടറ്റ് ജീവിതമാണ്. അതാണ് ലൈഫ് മിഷന്‍. 28681 പുതിയ വീടുകള്‍ ഇതിനോടകം പണിതു നല്‍കി. താമസിയാതെ 43537 കുടുംബങ്ങള്‍ക്ക് കൂടി വിടുകള്‍ പണിപൂര്‍ത്തിയാവും. 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയില്‍ പണിത ഫ്ലാറ്റുകള്‍ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ഭൂരഹിത- ഭവന രഹിതര്‍ക്കുവേണ്ടിയുള്ള മറ്റിടങ്ങളിലെ ഫ്ലാറ്റ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞകാലങ്ങളില്‍ മുടങ്ങിപ്പോയ വീടുകളുടെ നിര്‍മ്മാണം 30321 പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ രണ്ടുവര്‍ഷത്തിനിടയില്‍ വീടില്ലാത്ത പാവങ്ങള്‍ക്ക് വീട് പണിതുനല്‍കിക്കൊണ്ട് ലൈഫ് മിഷന്‍ ലക്ഷ്യപാപ്തിയിലേക്ക് കുതിക്കുകയാണ്.
ആര്‍ദ്രം കേവലമൊരു പദ്ധതിയല്ല. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പദ്ധതിയാണ്. 170 കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇവിടങ്ങളില്‍ ചുരുങ്ങിയത് 3 ഡോക്ടര്‍മാരും ഉച്ചയ്ക്ക് ശേഷവും ഒ.പി സൌകര്യവും ഇതിന്‍റെ ഭാഗമാണ്. 8 ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്- ഹൃദയരോഗ പരിശോധന. ജില്ലാ ആശുപത്രികള്‍ക്ക് പുറമേ, 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യന്താധുനിക സജ്ജീകരണവും സൌകര്യങ്ങളും. പൊതുവിദ്യാലയ സം രക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വുണ്ടാക്കി. 45000 ക്ലാസ് റൂമുകള്‍ പുതിയ അധ്യയന വര്‍ഷത്തോടെ ഹൈടെക്കാവുകയാണ്. 369 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാക്കാനുള്ള നിര്‍മ്മാണ പ്രവ്റ്ത്തി ആരംഭിച്ചുകഴിഞ്ഞു. ഇതാദ്യാമായി സ്കൂള്‍ തുറക്കും മുമ്പ് കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും നല്‍കി കഴിഞ്ഞു. ഇനി നമ്മുടെ കുഞ്ഞുങ്ങള്‍ സ്മാര്‍ട്ടായി മാറുകതന്നെ ചെയ്യും. ഈ മിഷനുകളുടെ പ്രവര്‍ത്തനം വഴി അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിന്‍റെ മുഖച്ഛായതന്നെ മാറും.