ബംഗളുരു: കർണാടകയിൽ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാനാവില്ലെന്ന് സുപ്രീം കോടതി. രണ്ടു മണിക്കൂർ പിന്നിട്ട മാരത്തോണ്‍ വാദത്തിനു ശേഷമാണ് പരമോന്നത കോടതി വാക്കാൽ പരാമർശിച്ചത്. യെദിയൂരപ്പയ്ക്കു രാവിലെ ഒന്പതിനുതന്നെ സത്യപ്രതിജ്ഞ ചെയ്യാം. എന്നാൽ വിഷയത്തിൽ വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹർജിയിൽ യെദിയൂരപ്പയെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു.
കർണാടകയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ അർധരാത്രിയിൽ 2.08-നാണ് വാദം ആരംഭിച്ചത്. തുടക്കത്തിൽ ഗവർണരുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ച സിംഗ്വി, ഒടുവിൽ ബി.എസ്.യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു മാത്രമായി ഒതുങ്ങി.
കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കിൽ ഏറ്റവും വലിയ പാർട്ടികളുടെ തെരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നൽകേണ്ടത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലെങ്കിൽ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളു. ഫലത്തിൽ നാലാമത്തെ ആളെയാണ് ഗവർണർ ഇപ്പോൾ വിളിച്ചിരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാർട്ടിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ് വാലയുടെ നടപടി ഭരണഘടനയ്ക്കും മുൻ സുപ്രീംകോടതി വിധികൾക്കും വിരുദ്ധമാണെന്നും അഭിഷേക് സിംഗ്വി വ്യക്തമാക്കി.
ഇതിനു മറുവാദമുയർത്തിയ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലും ബിജെപിക്കു വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും സത്യപ്രതിജ്ഞ മാറ്റിവയ്ക്കരുതെന്ന് നിലപാട് സ്വീകരിച്ചു. നിലവിലെ പ്രശ്നങ്ങൾക്കൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴില്ലെന്നും റോത്തഗി പറഞ്ഞു. ഇത് ചോദ്യം ചെയ്ത കോടതി, ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചത് എന്തിനെന്ന് ചോദിച്ചു. ഇതോടെ പത്തു ദിവസത്തേക്കോ, ഏഴു ദിവസത്തേക്കോ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള കാലാവധി കുറയ്ക്കാമെന്ന് റോത്തഗിയും വേണുഗോപാലും നിലപാടെുത്തു.
കർണാടക ഗവർണർ വാജുഭായ് വാല യെദിയൂരപ്പയെ ക്ഷണിച്ചതിനെതിരേ സുപ്രീം കോടതി രജിസ്ട്രാർ വഴി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു സമർപ്പിച്ച ഹർജി, ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിനു കൈമാറി. രാവിലെ ഒന്‍പതിന് യെദിയൂരപ്പ അധികാരമേൽക്കും എന്നതിനാൽ ഇതിനു മുന്‍പായി ഹർജി പരിഗണിപ്പിക്കാനാണു കോണ്‍ഗ്രസ് ശ്രമിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് അർധരാത്രി സുപ്രീം കോടതി ചേരുന്നത്. മുന്‍പ് ഇത് യാക്കൂബ് മേമന്റെ കേസ് പരിഗണിക്കുന്നതിനു വേണ്ടിയായിരുന്നു.
ബിജെപിക്ക് നിലവിൽ 104 എംഎൽഎമാരും ഒരു സ്വതന്ത്രനുമുൾപ്പെടെ 105 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ എട്ടു പേരുടെ പിന്തുണകൂടി ആവശ്യമാണ്. അതേസമയം, 117 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന കത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവർണർക്കു സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് ഭൂരിപക്ഷം തികയാത്ത ബിജെപിയെ സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചത്. സർക്കാരിനു ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ നൽകി.