ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് വീണ്ടും കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കുന്ന കാര്യത്തിൽ സുപ്രീംകോടതി കൊളീജിയം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. ഇന്ന് വൈകീട്ട് നാലേകാലിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ കൊളീജിയം യോഗം ചേരുന്നത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു. കൂടുതൽ സുപ്രീംകോടതി ജഡ്ജിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ട സാഹചര്യത്തിലാണ് അന്തിമ തീരുമാനം ഇന്നത്തേക്ക് മാറ്റിയത്. ആന്ധ്ര, തെലങ്കാന, കൊൽക്കത്ത, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച തീരുമാനവും ഇന്നുചേരുന്ന കൊളീജിയം എടുത്തേക്കും.