സിബിഎസ്ഇ ചോദ്യക്കടലാസ് ചോർച്ച എബിവിപി നേതാവടക്കം 12 പേര് പിടിയിൽ
ഡൽഹി: സിബിഎസ്ഇ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് എബിവിപി നേതാവും ഒൻപത് പത്താം ക്ലാസ് വിദ്യാർഥികളും അടക്കം 12 പേർ പോലീസ് കസ്റ്റഡിലയി. ജാർഖണ്ഡിലെ ഛാത്ര, ബിഹാറിലെ പാറ്റ്ന എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത് . ഛാത്രയിൽ കോച്ചിംഗ് സെന്റർ നടത്തുന്നയാളും ബിജെപിയുടെ വിദ്യാർഥിവിഭാഗമായ എബിവിപിയുടെ നേതാവുമായ സതീഷ് പാണ്ഡെ മുന്പ് കേരളത്തിലും എത്തിയിട്ടുണ്ടെന്ന് ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ എസ്പിയും മലയാളിയുമായ അഖിലേഷ് ബി. വാര്യർ പറഞ്ഞു.
കോച്ചിംഗ് സെന്റർ നടത്തിപ്പുകാരായ ബിഹാറിലെ ഗയ സ്വദേശി അമിത് കുമാർ, ഛബ്ര സ്വദേശി ആകാശ് കുമാർ എന്നിവരെ ബിഹാറിലെ പാറ്റ്നയിൽനിന്നും ശേഷിച്ച വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ജാർഖണ്ഡിൽനിന്നുമാണ് ഇന്നലെ പോലീസ്അ റസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്നുപേരെയും ജയിലിലടച്ചു. എന്നാൽ, കോച്ചിംഗ് സെന്ററുകൾക്ക് പണം വാങ്ങി ചോദ്യപേപ്പർ ചോർത്തിയതിന്റെ സൂത്രധാര ന്മാർക്കുവേണ്ടി അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ജാർഖണ്ഡിലെയും ബിഹാറിലെയും അറസ്റ്റോടെ, ഡൽഹിയിലും ഹരിയാനയിലും മാത്രമാണ് പത്താം ക്ലാസിലെ കണക്കു പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതെന്ന കേന്ദ്രസർക്കാരിന്റെയും സിബിഎസ്ഇയുടെയും വാദം പൊളിഞ്ഞു. ചോദ്യക്കടലാസുകൾ ചോർന്നതായി കണ്ടെത്തിയിരുന്നുവെന്നും ഇക്കാര്യം കഴിഞ്ഞ പതിനേഴിനു തന്നെ രേഖാമൂലം പ്രധാനമന്ത്രി, സിബിഎസ്ഇ, പഞ്ചാബ് പോലീസ് എന്നിവരെ അറിയിച്ചിരുന്നുവെന്നും പഞ്ചാബിലെ ലുധിയാനയിൽനിന്നുള്ള വിദ്യാർഥിനി ജാൻവി ബെഹലും മറ്റൊരാളും ഇന്നലെ വെളിപ്പെടുത്തി.
അതിനാൽ ഡൽഹി, ഹരിയാന സംസ്ഥാനങ്ങൾക്കു പുറമേ മറ്റു മേഖലകളിലും പരീക്ഷ വീണ്ടും നടത്തേണ്ടിവരുമെന്നാണു സൂചന. പാറ്റ്നയിൽനിന്നാണ് വാട്ട്സ്ആപ് മുഖേന ഛാത്രയിലെ കോച്ചിംഗ് സെന്ററിൽ ചോദ്യക്കടലാസ് എത്തിയതെന്ന് പോലീസ് പറഞ്ഞു.
ജാർഖണ്ഡിൽ പിടിയിലായ ഒന്പതു വിദ്യാർഥികളും പത്താം ക്ലാസ് വിദ്യാർഥികളാണ്.വാട്സ് ആപ്പിലൂടെ ഇവർ പരസ്പരം കണക്കു പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയുടെ തലേന്നു തന്നെ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽനിന്ന് കൂടുതൽ വിദ്യാർഥികൾക്കു ചോദ്യകടലാസുകൾ കിട്ടിയിരിക്കാമെന്നു സംശയിക്കുന്നു.
ഡൽഹി, ഹരിയാന മേഖലകളിൽനിന്നായി നിരവധി വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ പേരെ വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന.
ഛാതയിൽ “സ്റ്റഡി വിഷൻ’ എന്ന പേരിൽ കോച്ചിംഗ് സെന്റർ നടത്തുന്ന സതീഷ് പാണ്ഡ,െ ജാർഖണ്ഡിലെ എബിവിപിയുടെ സംസ്ഥാന നേതാവും ഛാത്ര ജില്ലാ കോ-ഓർഡിനേറ്ററുമാണ്. കേരളത്തിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കമ്യൂണിസ്റ്റുകൾ കൊന്നൊടുക്കുകയാണെന്നാരോപിച്ച് കഴിഞ്ഞ നവംബർ 11ന് തിരുവനന്തപുരത്ത് നടത്തിയ “ചലോ കേരള’ റാലിയിൽ ഇയാൾ പങ്കെടുത്തതിന്റെ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്.