സാമ്പത്തിക കേസിൽ കുടുക്കി നാല് വര്‍ഷം ജയിലില്‍ കഴിഞ്ഞ മലയാളിസൗദിയിൽ മോചിതനായി
സൗദി : സ്‌പോണ്‍സര്‍ സാമ്പത്തിക കുറ്റം ചുമത്തികേസിൽ കുടുക്കി നാല് വര്‍ഷം സൗദിയിലെ ദമ്മാം ജയിലില്‍ കഴിഞ്ഞ മലയാളി മോചിതനായി. കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദാണ് ജയിൽ മോചിതനായത്. നഷ്ടപരിഹാര തുകയായി 80,000 റിയാല്‍ കോടതിയില്‍ കെട്ടിവെച്ചതോടെയാണ് മോചനം സാധ്യമായത്. സാമൂഹ്യ പ്രവര്‍ത്തകരുടെയും നാട്ടുകാരായ പ്രവാസികളുടെയും ശ്രമഫലമായാണ് മോചനം..
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദ് സെയില്‍സ്മാന്‍ ജോലിയില്‍ ദമ്മാമില്‍ എത്തിയത്. സ്‌പോണ്‍സറുടെ കീഴിലുള്ള സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ എടുത്ത് കടകളില്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു മുഹമ്മദിന്‍റേത്. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകുന്നതിന് സ്‌പോണ്‍സറെ സമീപച്ചതോടെ സ്റ്റോറില്‍ 102000 റിയാലിന്‍റെ സ്‌റ്റോക്കില്‍ കുറവുണ്ടെന്നും അതിനുത്തരവാധി മുഹമ്മദാണെന്നും ആരോപിച്ച് സ്‌പോണ്‍സര്‍ കേസ് നല്‍കിയതോടെ ജയിലിലാകുകയായിരുന്നു.
പല തവണ കോടതി കേസ് വിളിച്ചെങ്കിലും സ്‌പോണ്‍സര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക കെട്ടിവെക്കാത്തതിനെ തുടര്‍ന്ന് കേസ് നീണ്ട് പോകുകയായിരുന്നു. ഇതേ തുടര്‍ന്ന്‍ മുഹമ്മദിന്‍റെ മോചനത്തിനായി നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ശ്രമമാരംഭിക്കുകയും സ്പോണ്‍സര്‍ നഷ്‍ട പരിഹാര തുകയില്‍ നിന്നും 22000 റിയാല്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുകയും ചെയ്തതോടെയാണ് മോചനം സാധ്യമായത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കുള്ള ടിക്കറ്റ് കൂടി ശരിയാകുന്ന മുറക്ക് മുഹമ്മദിന് അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കും.