സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.
ദില്ലി: ഹിമാചലില്‍ അനധികൃതകെട്ടിടം അടച്ചുപൂട്ടാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം അനധികൃതകെട്ടിടം അടച്ചുപൂട്ടാനായി ചെന്നപ്പോഴാണ് കെട്ടിടമുടമയുടെ വെടിയേറ്റ് കസൗളി അസി. ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനര്‍ ഷൈബാല ശര്‍മ കൊല്ലപ്പെട്ടത്.സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലൊക്കുറും ദീപക്ക് ഗുപ്തയും ഉള്‍പ്പെടുന്ന സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ആളുകളെ കൊല്ലാന്‍ തുടങ്ങുകയാണെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് തങ്ങള്‍ നിര്‍ത്തുമെന്നും കോടതി പറഞ്ഞു.കേസ് ഉചിതമായ ബെഞ്ചിനെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്രയുടെ പരിഗണനയ്ക്ക് വിടുകയാണെന്നും കോടതി അറിയിച്ചു. അക്രമി വെടിയുതിര്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസ് സംഘം എന്തെടുക്കുകയായിരുന്നുവെന്നും കോടതി ആരാഞ്ഞു.
വെടിയുതിര്‍ത്തശേഷം അക്രമി ഓടി രക്ഷപ്പെട്ടുവെന്ന് ഹിമാചല്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊതുമരാമത്ത്വകുപ്പിലെ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.കസൗളിയിലെ നാരായണി ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട അനധികൃതനിര്‍മാണം പൂട്ടി മുദ്രവയ്ക്കാന്‍ എത്തിയപ്പോഴാണ് ഉടമ വിജയ് സിങ് ഷൈബാലയെ വെടിവച്ചത്.സൊളാനിലെ കസൗളി ധരംപ്പൂര്‍ മേഖലകളിലായി 13 ഹോട്ടലുകളോട് ചേര്‍ന്നുള്ള അനധികൃതനിര്‍മാണം പൊളിക്കാന്‍ ഏപ്രില്‍ 17ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ഇതിനായി രൂപീകരിച്ച നാല് സംഘത്തിലൊന്ന് ഷൈബാലയുടെ നേതൃത്വത്തിലായിരുന്നു. അനധികൃതകെട്ടിടങ്ങള്‍ കസൗളിയെ അപകടത്തിലാക്കുകയാണെന്നും മണ്ണിടിച്ചിലിനും മറ്റും കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.രണ്ടുനില കെട്ടിടങ്ങള്‍ മാത്രം അനുവദനീയമായ സ്ഥലത്ത് ആറുനിലകളില്‍വരെ നിര്‍മാണമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.