സദാചാരപോലീസ് വിളയാട്ടം യുവതിയെ ഒരു സംഘം പുരുഷൻമാർ തെരുവിൽ ക്രൂരമായി മർദിച്ചു
ഡൽഹി : മേഘാലയയിൽ യുവതിയെ ഒരു സംഘം പുരുഷൻമാർ തെരുവിൽ ക്രൂരമായി മർദിച്ചു. ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് 70 കിലോമീറ്റർ അകലെ വെസ്റ്റ് ഗാരോ ഹിൽ ജില്ലയിലാണ് സദാചാര പോലീസ് ആക്രമണം നടന്നതെന്നത് .നിലത്തുവീണുകിടക്കുന്ന പച്ച കുർത്ത ധരിച്ച ഇരുപതിനോടടുത്തു പ്രായമുള്ള യുവതിയെയാണ് സംഘം ക്രൂരമായി മർദിക്കുന്നത്. പെണ്‍കുട്ടിയുടെ കൈ പിടിച്ചു തിരിച്ച സംഘത്തിലൊരാൾ മുടിയിൽ കുത്തിപ്പിടിച്ച് വയറിലും കാലുകളിലും ആഞ്ഞു ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഘത്തിൽ ഒരാൾ ശക്തമായി പെണ്‍കുട്ടിയുടെ മുഖത്ത് മൂന്നു തവണ പ്രഹരിക്കുന്നുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിൽ സ്വമേധയ കേസെടുത്ത പോലീസ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന പ്രതിയായ ബിരേൻ സാംഗ്മ എന്നയാളെ അറസ്റ്റ് ചെയ്തു. വീഡിയോയിൽ കാണാൻ സാധിക്കുന്ന മറ്റുള്ളവരെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. കൗണ്‍സിലിംഗിനു വിധേയായ പെണ്‍കുട്ടി സുരക്ഷിതയാണെന്നും സദാചാര പോലീസ് സംഘമാണ് ആക്രമിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ഗാരോ ആദിവാസി സമുദായത്തിൽപ്പെട്ടതാണ് പെണ്‍കുട്ടി. മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായതാണ് മർദനത്തിനു കാരണമെന്നാണു റിപ്പോർട്ടുകൾ. പെണ്‍കുട്ടി തന്റെ സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രയ്ക്കു വന്നപ്പോഴാണ് ബിരേൻ സാംഗ്മയുടെ നേതൃത്വത്തിൽ സംഘം മർദിച്ചതെന്നു ദൃക്സാക്ഷികളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.