ഷോപ്പിയാൻ വെടിവയ്പ്പ് ആദിത്യകുമാറിനെതിരെ കേസില്ല
ന്യൂഡല്‍ഹി:വിവാദ ഷോപ്പിയാൻ വെടിവയ്പില്‍ സാധാരണക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മേജര്‍ ആദിത്യ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. സുപ്രീം കോടതിയെ ആണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. തുടര്‍ന്ന് മേജറിനെതിരായി അന്വേഷണം നടത്തുന്നത് ഏപ്രില്‍ 24 വരെ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ആദിത്യയുടെ പിതാവ് ഫ്. കേണല്‍ കരംവീര്‍ സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, കേസില്‍ ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കരുതെന്ന് ജമ്മു കാശ്മീര്‍ പൊലീസിനോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ജമ്മു സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. മേജറിനെ സാധാരണ ക്രിമിനലുകളെ പോലെ ജമ്മു കാശ്മീര്‍ പൊലീസ് പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെ കോടതി നിയോഗിച്ചിട്ടുണ്ട്.
കാശ്മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് മേജര്‍ ആദിത്യ കുമാറിന്റെ പേര് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ജനുവരി 27ന് സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിനു കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തിന് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സൈന്യത്തിലെ ‘പത്ത് ഗര്‍വാള്‍’ യൂണിറ്റിലെ മേജര്‍ ആദിത്യ ആണ് വെടിയുതിര്‍ത്തതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, ജീവന്‍ അപകടത്തിലാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.