ശ്രേഷ്ടമായ മാസം ഇന്ന് മുതല്‍ റംസാന്‍ വ്രതം

0

ഇന്ന് മുതല്‍ റംസാന്‍ വ്രതം. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ വ്രതം. മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ചു പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികള്‍ ആരാധനാ കര്‍മങ്ങളില്‍ സജീവമാകും.

മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ്‌ പ്രതിഫലം ലഭിക്കുന്ന മാസം. ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവായ ലൈലത്തുല്‍ ഖദറിന്റെ മാസം. ഇസ്ലാമിക ചരിത്രത്തില്‍ വഴിത്തിരിവായ ബദര്‍ യുദ്ധം നടന്ന മാസം. സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്ന മാസം. ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് വിശുദ്ധ റമദാന്‍ മാസത്തിന്.

രാത്രിയിലെ പ്രത്യേക നിസ്കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം ഈ മാസത്തിന്റെ പ്രത്യേകതകളാണ്. വിശുദ്ധ ഖുറാന്‍ പാരായണവും, ഇഫ്താര്‍ സംഗമങ്ങളും, പള്ളികള്‍ കേന്ദ്രീകരിച്ചു മതപ്രഭാഷണങ്ങളും, പ്രാര്‍ത്ഥനാ സദസ്സുകളും ഈ മാസം വര്‍ധിക്കും. മക്കയിലും മദീനയിലും തീര്‍ഥാടകരുടെ തിരക്ക് കൂടും. റമദാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ ഹജ്ജ് നിര്‍വഹിച്ച പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

റമദാന്‍റെ ആദ്യത്തെ പത്ത് ദിവസം അനുഗ്രഹത്തിന്‍റെയും, രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും, മൂന്നാമത്തെ പത്ത് നരക മോചനത്തിന്റെതുമാണ്. ലൈലത്തുല്‍ ഖദര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന റമദാന്‍ അവസാനത്തെ പത്തില്‍ പള്ളികളില്‍ ഭജനമിരിക്കുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിക്കും.

You might also like

-