വൈറസ് പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു …മരിച്ചവരുടെ എണ്ണം 5 ആയി
കോഴിക്കോട്: നിപ്പാ വൈറസ് മൂലമുള്ള പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 5 ആയി. പനി ബാധിച്ച ഒമ്പത് പേര്‍ ഗുരുതരാവസ്ഥയിലാണ്.
കോഴിക്കോട് മെഡി.കോളേജിലും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ് ഇതിനോടകം തുറന്നിട്ടുണ്ട്. അതേസമയം രോഗകാരണം കൃത്യമായി കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പനി ബാധിതര്‍ക്കുള്ള ചികിത്സയും പ്രതിസന്ധിയിലാണ്. ചികിത്സ തേടിയെത്തുന്ന പലര്‍ക്കും പാരസെറ്റമോള്‍ ഗുളിക നല്‍കി മടക്കി അയക്കുകയാണെന്നാണ് വിവരം. സ്വകാര്യ ആശുപത്രികളിലേക്കും ഡോക്ടര്‍മാരിപ്പോള്‍ രോഗികളെ അയക്കുന്നുണ്ട്.
കോഴിക്കോട് ചങ്ങോരത്താണ് വൈറസ് ബാധ മൂലമുള്ള പനി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഈ അസുഖം വന്ന് മരിച്ചിരുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ അപൂർവ വൈറസ് പ്രതിരോധത്തിനായി കോഴിക്കോട് ജില്ലയിൽ ടാസ്ക് ഫോഴ്സിന് രൂപം നൽകി യിട്ടുണ്ട്.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കുക. വൈറസ് പ്രതിരോധത്തിനായി കോഴിക്കോട് ജാനകിക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങൾ കടിച്ച പഴം സഞ്ചാരികളുടെ പക്കൽ എത്താതിരിക്കാനാണ് നടപടി.