വിവാദങ്ങൾക്കിടയിൽ ജെറുസലേമില്‍ ഗ്വാട്ടിമല എംബസി
ന്യൂയോര്‍ക്ക്: ഗ്വാട്ടിമാല എംബസി ജറുസലമില്‍ ഉദ്ഘാടനം ചെയ്തു. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു യുഎസ് എംബസി ജറുസലമിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ഗ്വാട്ടിമാലയുടെ നടപടി.
പ്രസിഡന്റ് ജിമ്മി മൊറാലസാണ് ഗ്വാട്ടിമാല എംബസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.എംബസി ജറുസലമിലേക്ക് മാറ്റുന്ന രണ്ടാമത്തെ രാജ്യമാണ് ഗ്വാട്ടിമാല.യുഎസ് എംബസിയുടെ ഉദ്ഘാടനത്തില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയവരില്‍ അറുപതു പേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുഎസ് എംബസി ജറുസലമിലേക്ക് മാറ്റിയതിനു പുറകെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഓരോന്നായി അമേരിക്കയുടെ നടപടിക്ക് പിന്തുണ നല്‍കി എംബസികള്‍ ജറുസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഗാസായില്‍ നടന്ന കൂട്ട നരഹത്യയ്ക്ക് ഉത്തരവാദി ഇസ്രയേലാണെന്ന് ആരോപിച്ചപ്പോള്‍ ഹമാസ് സംഘടന മനപൂര്‍വ്വം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.
റൊമേനിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ എംബസികള്‍ ഉടനെ ജറുസലമിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു പലസ്തീന്‍ അംബാസഡര്‍മാരെ ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വിളിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.