വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി
തിരുവനന്തപുരം: വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന സിപിഎം നേതാവ് എ.എ റഷീദിനെ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഗവര്‍ണര്‍ തടഞ്ഞത്. എ.എ റഷീദ് ഒഴികെയുള്ള മറ്റ് നാലുപേരുടെയും നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് പേരുടെ പട്ടികയാണ് വിവരാവകാശ കമ്മീഷണര്‍ നിയമനത്തിനായി ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. ഇതില്‍ എ.എ റഷീദിനെതിരെ ഗവര്‍ണ്ണര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചെങ്കിലും അതേ പട്ടിക തന്നെയാണ് തിരിച്ചയച്ചത്. ഇതിന് പുറമെ ഇവരുടെ യോഗ്യത വ്യക്തമാക്കുന്ന ബയോഡേറ്റയും മറ്റും ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ പട്ടികയിലുണ്ടായിരുന്ന ആര്‍.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള, പി.ആര്‍ ശ്രീലത, കെ.വി സുധാകരന്‍ എന്നിവര്‍ക്ക് മാത്രം ഗവര്‍ണര്‍ അംഗീകാരം നല്‍കുകയായിരുന്നു. സിപിഎം നേതാവിന്റെ നിയമനം തള്ളിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.