ഡൽഹി: ബിജെപിയിലെ വിടുവായത്തം വിളന്പുന്ന നേതാക്കൾക്കു താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ബിജെപി ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലായിരുന്നു മോദിയുടെ പ്രതികരണമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം വിവാദ പ്രതികരണങ്ങൾ വ്യക്തിയുടെ മാത്രമല്ല പാർട്ടിയുടെ പ്രതിച്ഛായയും തകർക്കുമെന്നും മോദി പറഞ്ഞു.
നാം പിഴവുകൾ വരുത്തി മാധ്യമങ്ങൾക്കു മസാല നൽകുന്നു. പ്രശ്നങ്ങൾ വിശകലനം ചെയ്യാൻ മിടുക്കുള്ള വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തിലാണ് ചിലർ സംസാരിക്കുന്നത്. കാമറ കാണുന്പോൾതന്നെ നിങ്ങൾ വായ തുറക്കുന്നു. പാതിവെന്ത കാര്യങ്ങളാണ് വിളിച്ചുപറയുന്നത്- മോദി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലും മോദി നേതാക്കൾക്കും താക്കീത് നൽകിയിരുന്നു. നിശബ്ദത എന്ന കല പരിശീലിക്കണമെന്നായിരുന്നു നേതാക്കൾക്കുള്ള മോദിയുടെ ഉപദേശം.
ഭീകരത, ബലാത്സംഗം, മഹാഭാരതം, ഡാർവിന്റെ സിദ്ധാന്തം എന്നീ വിഷയങ്ങളിലൊക്കെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മോദിയുടെ താക്കീത്. എന്നാൽ ഈ നേതാക്കൾക്കെതിരേയൊന്നും നടപടിക്കുള്ള നീക്കങ്ങൾ ബിജെപിയിൽനിന്നില്ല.