വരാപ്പുഴ കസ്റ്റഡി മരണക്കേസ് ; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി ; വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും,അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീജിത്തിന്റെ ഭാര്യ അഖില സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം കേസില്‍ പറവൂര്‍ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന പൊലീസിന്റെ പരാതി തെറ്റാണെന്ന് കാണിച്ച് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി.
പ്രതിയെ ഒരു മജിസ്‌ട്രേട്ട് കാണാന്‍ വിസമ്മതിച്ചാൽ മറ്റൊരു മജിസ്‌ട്രേട്ടിന്റെയോ, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെയോ മുന്നില്‍ ഹാജരാക്കണമെന്ന നിയമബാധ്യത പാലിക്കപ്പെട്ടില്ലെന്നും ഉള്ള റിപ്പോര്‍ട്ട് പൊലീസിന് തിരിച്ചടിയായി .
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ഐജിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു.
പൊലീസിന് എതിരായ കേസ് പൊലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്നും, ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അഖില ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഹര്‍ജി ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
ഇതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനും വരാപ്പുഴ പൊലീസിനും തിരിച്ചടിയായി ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തി കാണാന്‍ മജിസ്‌ട്രേട്ട് വിസമ്മതിച്ചു എന്നും, മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല എന്നുമുള്ള പോലിസ് പരാതി തെറ്റാണെന്ന് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയില്‍ എത്തി ശ്രീജിത്തിനെ കാണാന്‍ മജിസ്‌ട്രേറ്റ് വിസമ്മതിച്ചിട്ടില്ല. അസൗകര്യം അറിയിക്കുക മാത്രമാണ് ചെയ്തത്. ഇക്കാര്യം എഫ് ഐ ആറില്‍ എഴുതിയിട്ടുണ്ട്. ശ്രീജിത്തിനെ ഹാജരാക്കിയിട്ടും കേസ് കേള്‍ക്കാന്‍ തയാറായില്ല എന്ന ആക്ഷേപവും തെറ്റാണ്.
ഏഴാം തീയതി പൊലീസുകാര്‍ തന്റെ വീട്ടില്‍ പ്രതിയെ കൊണ്ടുവന്നിട്ടില്ല. ഇക്കാര്യം തന്നോട് ഫോണില്‍ അറിയിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് മജിസ്ട്രേറ്റ് വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴി.
ഏഴാം തീയതി ശ്രീജിത്തിനെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചെന്ന് പറയുമ്പോഴും റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് എട്ടാം തീയതിയാണെന്ന് വൈരുധ്യവും പോലീസിന് എതിരാകും.