ലോയയുടെ മരണത്തിൽ അസ്വാഭാവികതയില്ല,.ഹർജികൾ സുപ്രീം കോടതി തള്ളി.
ഡൽഹി: ജസ്റ്റീസ് ബി.എച്ച്. ലോയ കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്ജികള് നിരുത്സാഹപ്പെടുത്തണമെന്നും ഹർജി തള്ളി കൊണ്ട് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ലോയയുടെ ഒപ്പമുണ്ടായിരുന്ന മറ്റു ജഡ്ജിമാരുടെ മൊഴികളെ സംശയത്തിന്റെ നിഴലിൽ നിറുത്താൻ തങ്ങൾക്ക് കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി ലോയയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും അഭിപ്രായപ്പെട്ടു
കോടതിയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ഹർജിക്കാർ ശ്രമിച്ചു. പൊതുതാത്പര്യ ഹർജികൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും കോടതി വിമർശിച്ചു. അഭിഭാഷകരായ ദുഷ്യന്ത് ദാവേ, പ്രശാന്ത് ഭൂഷണ്, രാജീവ് ധവാൻ എന്നിവരെയും കോടതി രൂക്ഷമായി വിമർശിച്ചു. അഭിഭാഷകർ കോതിയുടെ അന്തസ് കളങ്കപ്പെടുത്താൻ ശ്രമിച്ചു. എങ്കിലും ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ലോയ കേസുമായി ബന്ധപ്പെട്ട ഒരു കേസും മറ്റു കോടതികളിൽ പരിഗണിക്കരുതെന്നും കോടതി ഉത്തരവിട്ടു. ലോയ കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഏഴ് പൊതുതാത്പര്യ ഹർജികളും കോടതി തള്ളി.
സൊഹ്റാബുദീൻ കേസിന്റെ വിചാരണക്കിടെയായിരുന്നു ലോയയുടെ മരണം. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ അദ്ദേഹം 2014 ഡിസംബർ ഒന്നിന് നാഗ്പുരിൽ വച്ചാണ് മരിച്ചത്
ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ലോയയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നും സഹോദരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം വിവാദമായത്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെട്ടിരുന്ന സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ.