ലൈംഗികാരോപണം: ചിലിയിൽ 34 ബിഷപ്പുമാര്‍ രാജിവച്ചു
വത്തിക്കാന്‍ സിറ്റി: ചിലിയന്‍ കത്തോലിക്കാ സഭാ ബിഷപുമാര്‍ ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ബിഷപ്പുമാരും രാജിവച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിളിച്ചുചേര്‍ത്ത ബിഷപ്പുമാരുടെ യോഗത്തിലാണ് 34 ബിഷപുമാര്‍ രാജി സമര്‍പ്പിച്ചത്. മാര്‍പാപ്പ ഈയാഴ്ചയോടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കും.
ചിലിയന്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍പാപ്പ രംഗത്തെത്തിയതിന് പിന്നാലെയാണ് ബിഷപ്പുമാരുടെ കൂട്ടരാജി. ലൈംഗികാരോപണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയില്‍ മുഴുവന്‍ ചിലിയന്‍ സഭയ്ക്കും ഉത്തരവാദിത്വമുണ്ടെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത്. ലൈംഗിക കുറ്റങ്ങളുടെ തെളിവുകള്‍ നശിപ്പിക്കുകയും കുറ്റാരോപണങ്ങളില്‍ ഇളവ് വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും കുട്ടികളുടെ നേരെ ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്ന പുരോഹിതന്‍മാരില്‍നിന്നും കുട്ടികളെ രക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്‌തെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. ഇത് കാത്തോലിക്ക സഭയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒസാര്‍ണോ ബിഷപ് ജുവാന്‍ ബാരോസ്, ഇദ്ദേഹത്തിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്ന ഫാ. ഫെര്‍ണാണ്ടോ കരാഡിമ എന്നിവരാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും മറച്ചുവയ്ക്കാന്‍ സാന്റിയാഗോ മുന്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ്‌കോ ജാവിയര്‍ ഇറാസുരിസ് ശ്രമിച്ചതായും വത്തിക്കാന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ പിന്നീട് ചിലിയിലെ സഭയുടെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ മാര്‍പാപ്പയുടെ സി9 ഉപദേശകസമിതിയില്‍ ഇദ്ദേഹം ഇപ്പോഴും അംഗമാണ്. ഈ പദവിയില്‍ നിന്നും ഒഴിയണമെന്ന് വത്തിക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
വിഷയത്തില്‍ മാള്‍ട്ടയിലെ ആര്‍ച്ച്ബിഷപ് ചാള്‍സ് സിക്ലുന, സ്പാനിഷ് വൈദികന്‍ ഫാ. ജോര്‍ഡി ബര്‍തോമ്യു എന്നിവരെയാണ് അന്വേഷണം നടത്താനായി വത്തിക്കാന്‍ നിയോഗിച്ചിരുന്നത്. അന്വേഷകര്‍ 2,300പേജുള്ള റിപ്പോര്‍ട്ടാണ് മാര്‍പ്പാപ്പക്ക് സമര്‍പ്പിച്ചത്.