ലിഗയുടെ മരണം; അറസ്റ്റ് ഇന്നുണ്ടായേക്കും

0

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പ്രദേശവാസികളായ ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരാണ് പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ലിഗ രണ്ട് ദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ലിഗയുടെ കയ്യിലിരുന്ന പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബലാത്സംഗ ശ്രമം നടന്നിട്ടുണ്ടോ എന്നത് ആന്തരിക അവയവ പരിശോധനക്കു ശേഷം മാത്രമെ അറിയാന്‍ സാധിക്കു.

തുടക്കം മുതല്‍ തന്നെ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയിരുന്നത്. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇത് തിരുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യാനും നാളെ കോടതിയില്‍ ഹാജരാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കഴിഞ്ഞ മാസമാണ് പോത്തന്‍കോട്ട് ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ ലിഗയെ കാണാതാവുന്നത്. തുടര്‍ന്ന് ആഴ്ചകള്‍ക്കു ശേഷം കോവളത്തിനു സമീപം പനത്തുറയിലെ ആള്‍ത്താമസമില്ലാത്ത പറമ്പിലെ കണ്ടല്‍ക്കാട്ടില്‍നിന്നാണ് ലിഗയുടെ മൃതദേഹം കണ്ടെടുത്തത്.

You might also like

-