ലക്ഷ്യം ബി.ജെ.പി യെ പരാജയപ്പെടുത്തൽ ;  കോൺഗ്രസ്സുമായി രാഷ്ട്രീയസഖ്യമില്ല.

0

എം.വി ജയരാജൻ

ഹൈദ്രബാദ്:  സി.പി.ഐ.എം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്,   മു ഖ്യഅജണ്ടയായ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകിയതോടെ, സി.പി.ഐ.എം തകർച്ച ഭാവനയിൽ മെനഞ്ഞ്‌ പ്രചരിപ്പിച്ചവരാകെ ഒരിക്കൽക്കൂടി  തുറന്നുകാട്ടപ്പെടുകയാണുണ്ടായത്‌. സങ്കീർണ്ണമായ ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും തിളക്കമുള്ള രാഷ്ട്രീയനയമാണ്‌ പാർടി കോൺഗ്രസ് അംഗീകരിച്ചത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ വേദിയിൽ ഓരോ വിഷയത്തിലും ശക്തമായ ചർച്ച നടക്കും. ജനാധിപത്യ ക്രമത്തിൽ ജീവനുള്ള പാർട്ടികളിൽ ഉയർന്ന ആജ്ഞ (ഹൈ കമാന്റ്‌) അല്ല, ചർച്ചയും അതിന്റെ മുകളിൽ ചർച്ചയുമൊക്കെ നടക്കുമെന്നത്‌ സാമാന്യവിവേകമുള്ളവർക്ക്‌ ധാരണയുള്ളതാണ്‌.

കോൺഗ്രസ്സുമായി യാതൊരു രാഷ്ട്രീയ സഖ്യവുമില്ലാതെ ബി.ജെ.പി യെ  പരാജയപ്പെടുത്തുകയാണ്‌ ലക്ഷ്യം. അതിന്‌ ഉറച്ച നിലപാടുള്ളവരെയാണ്‌ ഒപ്പം കൂട്ടേണ്ടത്‌. പച്ചിലയ്ക്ക്‌ പിന്നാലെപായുന്ന ആടിനെപ്പോലെ, ബി.ജെ.പിയിലേക്ക്‌ പാഞ്ഞടുക്കുന്ന കോൺഗ്രസ്സ്‌ നേതാക്കളുള്ള കാലത്ത്‌, ബി.ജെ.പിക്കെതിരെ കോൺഗ്രസ്സിന്‌ നായകത്വം വഹിക്കാൻ കഴിയില്ല. മാത്രമല്ല, കോൺഗ്രസ്സിനോടുള്ള സമീപനം സംബന്ധിച്ച്‌ വിപുലമായ ഉൾപ്പാർട്ടി ചർച്ചയ്ക്ക്‌ ശേഷം സ്റ്റിയറിംഗ്‌ കമ്മിറ്റി അവതരിപ്പിച്ച ഭേദഗതി നിർദ്ദേശം പാർട്ടി കോൺഗ്രസ്സ്‌ അംഗീകരിച്ചു. പാർലമെന്റിനകത്ത്‌, യോജിക്കാവുന്ന വിഷയങ്ങളിൽ കോൺഗ്രസ്സ്‌ അടക്കമുള്ള മതനിരപേക്ഷ കക്ഷികളുമായി യോജിച്ച്‌ പ്രവർത്തിക്കും. പാർലമെന്റിന് പുറത്താവട്ടെ, വർഗ്ഗീയതയ്‌ക്കെതിരേയും  മതനിരപേക്ഷത ശക്തിപ്പെടുത്താനും  എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കും.  നവ ഉദാരവത്ക്കരണ നയങ്ങൾക്കെതിരെ വലതുപക്ഷ വിരുദ്ധ പ്രക്ഷോഭം വിപുലപ്പെടുത്തുന്നതിനായി ബൂർഷ്വാ പാർട്ടികളിലെ സാധാരണക്കാരായ പ്രവർത്തകരെ ഉൾപ്പടെ അണിനിരത്തിയും മുന്നേറ്റം ശക്തിപ്പെടുത്തും. ഈയ്യിടെ മഹാരാഷ്ട്രയിൽ നടന്ന ലോംഗ് മാർച്ചിൽ കോൺഗ്രസ്സ്, ശിവസേന, എൻ.സി.പി അടക്കമുള്ള പാർട്ടികളോട് ആഭിമുഖ്യമുള്ള കൃഷിക്കാർ പങ്കെടുത്തത് ഈ ഘട്ടത്തിൽ കാണണം.

പാർട്ടി കോൺഗ്രസ്സ്‌ അംഗീകരിച്ച രാഷ്ട്രീയ നയത്തിനനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ്‌ അടവുനയം രൂപപ്പെടുത്തുക. രണ്ടുമാസം മുമ്പ്‌, കേന്ദ്ര കമ്മിറ്റി യോഗം ചേർന്ന് കരട്‌ രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയത്‌ മുതൽ, സി.പി.ഐ.എമ്മിൽ തർക്കമുണ്ടെന്നും രണ്ട്‌ വിഭാഗമുണ്ടെന്നുമായിരുന്നു കള്ളപ്രചാരവേല. കേന്ദ്രകമ്മിറ്റി കരട്‌ രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നത്‌ ഭൂരിപക്ഷ -ന്യൂനപക്ഷ അഭിപ്രായങ്ങൾ ചർച്ച ചെയ്ത്‌ കൊണ്ടുതന്നെയാണ്‌. ഭൂരിപക്ഷാഭിപ്രായം തീരുമാനായി മാറി. എന്നാൽ  അഭിപ്രായം ന്യൂനപക്ഷമായിപ്പോയി എന്നതുകൊണ്ട്  സി.സി.യിൽ അത്  ഉന്നയിച്ചവരെ ചവുട്ടിയരച്ചില്ല. രണ്ടഭിപ്രായങ്ങളും സി.പി.ഐ.എമ്മിന്റെ പരമാധികാരസഭയായ പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ചു. ഇത് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചർച്ച ശരിയായ വിധത്തിൽ നടത്താൻ പ്രതിനിധികളെ സഹായിച്ചു.

പാർട്ടി കോൺഗ്രസ്സിന് മുമ്പ് 8174 ഭേദഗതികളാണ് ബ്രാഞ്ച്‌ തലം വരെയുള്ള ഘടകങ്ങളും ഘടകങ്ങളിലെ സഖാക്കളും  കരട്‌ രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്ത്‌ നിർദ്ദേശിച്ചത്‌. അതിൽ  66  ഭേദഗതികൾ സമ്മേളനം അംഗീകരിച്ചു. ഇതിനുപുറമേ പ്രതിനിധികളും ചർച്ച നടത്തുകയുണ്ടായി. 373 ഭേദഗതികൾ കൊണ്ടുവന്നു. ഇതിൽ 37 എണ്ണം പാർട്ടി കോൺഗ്രസ്സ്‌ അംഗീകരിച്ചു. ഇത്രയും വിപുലമായ ഉൾപാർടി ചർച്ച മറ്റൊരുപാർട്ടിയിലും ഇല്ല. ഞാൻ സി.പി.ഐ.എം കാരനായതിൽ അഭിമാനിക്കുന്നു എന്നാണ് ജനറൽ സെക്രട്ടറിയടക്കമുള്ള പാർട്ടി കോൺഗ്രസ്സ് പ്രതിനിധികൾ ഒരേവികാരമായി പ്രകടിപ്പിച്ചത്. പാര്‍ടി കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവന്ന ഭേദഗതി നിര്‍ദ്ദേശങ്ങളെക്കുറിച്ച്  സ്റ്റിയറിംഗ് കമ്മിറ്റിക്കുവേണ്ടി സംസാരിച്ച   പ്രകാശ് കാരാട്ടാവട്ടെ, പാർട്ടിസഖാക്കളുടെ വികാരമാണ് ഞങ്ങൾക്ക്  ഊര്‍ജ്ജമെന്നും വ്യക്തമാക്കി. നിർഭയവും ഉള്ളുതുറന്നതും സൂക്ഷ്മമായതുമായ അഭിപ്രായങ്ങളാണ് രാഷ്ട്രീയ പ്രമേയ ചർച്ചയിൽ ഉയർന്നുവന്നത്. നയരൂപീകരണത്തിൽ എല്ലാവര്ക്കും പങ്കാളിത്തമുള്ള ഏകപാർട്ടി സി.പി.ഐ.എം ആണ് . അധികാര സ്ഥാനത്തിന് വേണ്ടിയല്ല, ശരിയായ നയത്തിനുവേണ്ടിയാണ് ഈ ഉൾപ്പാർട്ടി സമരം.  അത്‌ പാർട്ടിയെ തകർക്കുകയല്ല; വളർത്തുകയാണ്‌ ചെയ്യുക. ഇല്ലാത്തകാര്യങ്ങൾ പോലും വാർത്തയാക്കി സി.പി.ഐ.എമ്മിനെതിരെ അനാവശ്യ വിമർശ്ശനം തീർക്കുന്നവർക്കും ഈ പാർട്ടിയെ അംഗീകരിക്കേണ്ടി വരുന്നു എന്നതാണ്‌ പാർട്ടിയുടെ വിജയം.

സി പി ഐ എം പാർട്ടികോൺഗറസിന്റെ പശ്ചാത്തലത്തിൽ എം.വി ജയരാജൻ എഴുതിയ ലേഖനം

You might also like

-