തിരുവനന്തപുരം: മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേർ പോലീസ് പിടിയിലായി . കൊലയ്ക്ക് ഉപയോഗിച്ച കാർ വാടകയ്ക്ക് എടുത്തു നൽകിയവരാണ് കസ്റ്റഡിയിലായതെന്നാണുവിവരം . ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു. രാജേഷിന്റെ കൊലപാതകികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ ഭർത്താവ് ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണെന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നു വ്യക്തമായത്. ഖത്തറിൽ ബിസിനസ് നടത്തുന്ന വനിതാ സുഹൃത്തിന്റെ ഭർത്താവ് ഒരു മാസം മുൻപ് തന്റെ നാടായ ഓച്ചിറയിൽ എത്തിയിരുന്നു. പിന്നീടു വിദേശത്തേക്കു മടങ്ങുകയായിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചു.
റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് ഒരു വർഷം മുൻപ് ഖത്തറിൽ ജോലി നോക്കി വരികയായിരുന്നു. ഈ അവസരത്തിൽ അവിടെ വച്ച് പരിചയപ്പെട്ട വനിതാ സുഹൃത്തുമായി അടുപ്പത്തിലായി. ഈ വിവരം ഭർത്താവ് അറിഞ്ഞ് രാജേഷിനെ താക്കീത് ചെയ്തിരുന്നു. പിന്നീടും ബന്ധം തുടർന്നതോടെ രാജേഷിനെതിരെ ഇയാൾ പോലീസിൽ പരാതി നൽകുകയും രാജേഷ് ജയിലിൽ ആകുകയും ചെയ്തു.
ഏറെ നാളത്തെ ജയിൽവാസത്തിനുശേഷം രാജേഷിനെ ഖത്തറിൽനിന്നു നാട്ടിലേക്ക് അയച്ചു. രാജേഷ് നാട്ടിലെത്തിയിട്ടും വനിതാ സുഹൃത്തുമായി സോഷ്യൽ മീഡിയ വഴി ബന്ധം തുടർന്നു. ഇതിനിടെ വനിതാ സുഹൃത്ത് ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയെന്നും പോലീസിന് വിവരം ലഭിച്ചു.
രാജേഷിന്റെ കൊലപാതകികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.