റമദാന്‍ മാസത്തില്‍ മക്കയിലെ ഹറം പള്ളിയില്‍ കഅബക്ക് ചുറ്റും നിയന്ത്രണം

0

മക്ക: റമദാന്‍ മാസത്തില്‍ മക്കയിലെ ഹറം പള്ളിയില്‍ കഅബക്ക് ചുറ്റും നിയന്ത്രണം ഏര്‍പ്പെടുത്തും. ഉംറ തീര്‍ഥാടകര്‍ക്ക് അനായാസം കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.വിശുദ്ധ റമദാനില്‍ ഉംറ തീര്‍ഥാടകരുടെ വലിയ തോതിലുള്ള തിരക്ക് കണക്കിലെടുത്താണ് ഈ നിര്‍ദേശം. കഅബക്ക് ചുറ്റും ത്വവാഫ് നിര്‍വഹിക്കുന്ന ഭാഗത്തേക്കുള്ള പ്രവേശനം ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. വൈകുന്നേരത്തെ മഗ്‍രിബ് നമസ്കാരം മുതല്‍ രാത്രി നമസ്കാരമായ തറാവീഹ് കഴിയുന്നത് വരെ ഉംറ തീര്‍ഥാടകര്‍ അല്ലാത്ത ആര്‍ക്കും മത്വാഫിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

റമദാനിലെ അവസാനത്തെ പത്ത് ദിവസം മഗ്‍രിബ് മുതല്‍ അര്‍ദ്ധരാത്രി നിര്‍വഹിക്കുന്ന ഖിയാമുല്ലൈല്‍ നമസ്കാരം കഴിയുന്നത് വരെ ഈ നിയന്ത്രണം ഉണ്ടായിരിക്കും.ഉംറ ഒഴികെ മറ്റു കര്‍മങ്ങള്‍ക്കായി വരുന്ന വിശ്വാസികള്‍ മത്വാഫ് അല്ലാത്ത ഭാഗങ്ങളില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഉംറ തീര്‍ത്ഥടകര്‍ക്ക് അനായാസം കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഈ നിയന്ത്രണം വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. റമദാനിലെ അവസാനത്തെ പത്ത് ദിവസത്തില്‍ ഹറം പള്ളിയില്‍ ഭജനമിരിക്കാന്‍ പള്ളിയുടെ വടക്ക് പുതിയ വികസന പദ്ധതിയുടെ ഭാഗത്ത് സ്ഥലം അനുവദിക്കാവുന്നതാണെന്നും ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. ഉംറ തീര്‍ത്ഥാടകര്‍ അല്ലാത്തവര്‍ക്ക് മത്വാഫില്‍ കഴിഞ്ഞ റമദാനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിജയം കണ്ടതിനെ തുടര്‍ന്നാണ്‌ ഈ വര്‍ഷവും നിയന്ത്രണം കൊണ്ട് വരുന്നത്.

You might also like

-