രാത്രിയിൽ കൊതുകുകടി സഹിച്ച് മന്ത്രിമാർ ദളിതരുടെ വീടുകളിൽ പോകുന്നതുകൊണ്ടാണ് അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് :അനുപമ ജയ്സ്വാൾ
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ദളിതരുടെ വീടുകളിൽ സന്ദർശനം നടത്തുന്ന ബിജെപി നേതാക്കളുടെ പ്രസ്താവന വീണ്ടും വിവാദത്തിൽ. കൊതുകുകടി സഹിച്ചാണ് തങ്ങൾ ദളിതരുടെ വീടുകളിൽ പോകുന്നതെന്ന യുപി വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്സ്വാളിന്റെ പരാമർശമാണ് വിവാദത്തിലകപ്പെട്ടത്.
എല്ലാ രാത്രിയിലും കൊതുകുകടി സഹിച്ച് മന്ത്രിമാർ ഇവരുടെ(ദളിതരുടെ) വീടുകളിൽ പോകുന്നതുകൊണ്ടാണ് അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഈ അനുഭവം അവർക്കു നല്ലതായി തോന്നുന്നു എന്നതാണ് പ്രധാനം. ആരോടെങ്കിലും രണ്ടുസ്ഥലത്ത് പോകണമെന്നു നിർദേശിച്ചാൽ അവർ അതിനു പകരം നാലു സ്ഥലങ്ങൾ ആവശ്യപ്പെടുകയാണ്. പ്രവർത്തിയിൽ സംതൃപ്തിയുണ്ടാകുന്പോൾ അത് ഞങ്ങളെ ശാക്തീകരിക്കുന്നു. എന്നോട് നിർദേശിച്ചിട്ടുള്ളതിൽ കൂടുതൽ വീടുകൾ ഞാൻ സന്ദർശിക്കുന്നുണ്ട്- അനുപമ പറഞ്ഞു.
നേരത്തെ, രണ്ടു മന്ത്രിമാരുടെ ദളിത് വീടുകളിലെ സന്ദർശനവും വിവാദമായിരുന്നു. തിങ്കളാഴ്ച ദളിത് ഭവനത്തിൽ സന്ദർശനം നടത്തിയ യുപി മന്ത്രി സുരേഷ് റാണ പുറത്ത് പാകം ചെയ്ത ഭക്ഷണവും പാത്രങ്ങളും കൊണ്ടാണ് ദളിതന്റെ വീട്ടിലെത്തിയത്. മിനറൽ വാട്ടർ പോലും ഇവർ കൈയിൽ കരുതി. ദളിതന്റെ വീട്ടിൽ സന്ദർശനം നടത്തുന്നത്, ശ്രീരാമൻ ദളിത് വീടുകൾ സന്ദർശിച്ചു ശുദ്ധീകരിക്കുന്നതുപോലെയാണെന്നായിരുന്നു മറ്റൊരു മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിന്റെ പരാമർശം.
പ്രധാനമന്ത്രിയുടെ ദളിത് സന്പർക്ക പരിപാടിയുടെ ഭാഗമായാണ് ബിജെപി നേതാക്കൾ ദളിത് ഭവനങ്ങൾ സന്ദർശിക്കുന്നതും ദളിതർ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും. നിരവധി ബിജെപി നേതാക്കൾ പരിപാടിയുടെ ഭാഗമാവുകയും വാർത്തകളിലിടം പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നാടകങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വിഷയത്തിലെ പ്രതികരണം.