രാജ്യത്ത് ഈ വര്‍ഷം വരള്‍ച്ച സാധ്യത പൂജ്യം; ജൂണില്‍ അധിക മഴ പെയ്യുമെന്നും റിപ്പോര്‍ട്ട്
രാജ്യത്ത് ഈ വര്‍ഷം പെയ്യുന്ന മഴയുടെ അളവില്‍ കുറവ് വരില്ലെന്നും, വരള്‍ച്ച സാധ്യത തീരെക്കുറവായിരിക്കുമെന്നും സ്കൈമെറ്റ് പഠനം. മഴയുടെ അളവ് മുന്‍വര്‍ഷത്തേതിന് സമാനമായിരിക്കുമെന്നാണ് സ്കൈമെറ്റ് പറയുന്നത്. അഞ്ച് ശതമാനത്തിനടുത്ത് ചിലപ്പോള്‍ കുറവ് വന്നേക്കാം. അതിനാല്‍ തന്നെ വരള്‍ച്ചയെപ്പറ്റി പേടി വേണ്ടെന്ന് സ്കൈമെറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സാധാരണ 887 എം.എം. ആണ് മണ്‍സൂണില്‍ രാജ്യത്ത് പെയ്തിറങ്ങുന്ന മഴയുടെ അളവ്. ജൂണില്‍ അധിക മഴ രാജ്യത്ത് പ്രതീക്ഷിക്കാം. എന്നാല്‍ ജൂലൈ മുതല്‍ ആഗസ്റ്റ് വരെയുളള കാലത്ത് മഴയില്‍ 30 ശതമാനത്തിന്‍റെ കുറവുണ്ടാവാനും സാധ്യതയുണ്ട്.
ഇന്ത്യയുടെ ഔദ്യോഗിക കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങള്‍ ഇതുവരെ മണ്‍സൂണ്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വിദേശ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടെ നിഗമനപ്രകാരം പസഫിക്കില്‍ എല്‍ നീനോയ്ക്ക് (ചൂട് കാറ്റ്) സാധ്യതയുളളതായി പറയുന്നതിനെ ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങള്‍ നിരീക്ഷിച്ചു വരുകയാണ്. എല്‍ നീനോ അഥവാ ഹീറ്റ് വേവ് (ചൂട് കാറ്റ്) പസഫിക്കില്‍ അധികമായാല്‍ ഇന്ത്യയിലെ മണ്‍സൂണിനെ അത് ദോഷമായി ബാധിക്കും.