രഞ്ജി ട്രോഫി: കേരളത്തിന് സീസണിലെ ആദ്യ ജയം
21 റണ്‍സിനാണ് കേരളം പഞ്ചാബിനെ തോല്‍പ്പിച്ചത്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ ആദ്യ ജയം. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ തോല്‍പ്പിച്ചത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 124 റണ്‍സിന് എല്ലാവരും പുറത്തായി. ജലജ് സക്സേന 7 വിക്കറ്റെടുത്തു. കേരളത്തിന്റെ സല്‍മാന്‍ നിസാറാണ് കളിയിലെ കേമന്‍.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ ചുവട് പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. പിന്നീടങ്ങോട്ട് സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും കടുത്ത പ്രതിരോധം ഉയര്‍ത്തി. ഉത്തപ്പയെ റണ്‍ നേടാന്‍ വിട്ട് വിക്കറ്റ് മുറുകെ പിടിച്ചായിരുന്നു സച്ചിന്റെ കളി. എന്നാല്‍ 53 പന്തില്‍ നിന്ന് 48 റണ്‍സുമായി ഉത്തപ്പ വീണതോടെ തൊട്ടുപിന്നാലെ തന്നെ സച്ചിനും മടങ്ങി. 45 പന്ത് നേരിട്ട സച്ചിന്‍ 9 റണ്‍സായിരുന്നു നേടിയത്.
വിജയലക്ഷ്യമായ 146 റണ്‍സിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് ഏറെക്കുറെ വിജയം ഉറപ്പിച്ചായിരുന്നു ക്രീസിലേക്ക് എത്തിയത്. എന്നാല്‍ ഓപ്പണര്‍ മര്‍വാഹ അക്കൌണ്ട് തുറക്കാതെ പുറത്തായി. ജലജ് സക്സേനയായിരുന്നു ആദ്യ ആഘാതമേല്‍പ്പിച്ചത്. പഞ്ചാബ് പിടിച്ചുനില്‍ക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും കേരളത്തിന്റെ ബോളര്‍മാര്‍ അതിനുള്ള അവസരം ഒരുക്കിയില്ല. ഒന്നിനു പിന്നാലെ ഒന്നായി പഞ്ചാബിന്റെ കൂടാരം പൊളിഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ 124 റണ്‍സില്‍ പഞ്ചാബ് വീണു. ഏഴു വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്.