ഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണം പാതിവഴിയിൽ അവസാനിപ്പിച്ചു മടങ്ങി. കനത്ത മഴയിലും പൊടിക്കാറ്റിലും യുപിയിൽ 73 പേർ മരിച്ച സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ മടക്കം. വെള്ളിയാഴ്ച വൈകിട്ട് ആഗ്രയിലെത്തുന്ന ആദിത്യനാഥ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ദുരന്തത്തിൽ 43 പേരാണ് ആഗ്രയിൽ മാത്രം മരിച്ചത്. ശനിയാഴ്ച അദ്ദേഹം കാണ്‍പൂരിൽ സന്ദർശനം നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് വരെയാണ് കർണാടകയിൽ ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊടുങ്കാറ്റിലും പേമാരിയിലും ഉത്തർപ്രദേശിൽ നിരവധി പേർ മരിച്ച സാഹചര്യത്തിലും, കർണാടകയിൽ ബിജെപിക്കായി പ്രചാരണം തുടരുന്ന യോഗിയെ പരിഹസിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സിദ്ധരാമയ്യ ഇത് ആയുധമാക്കി. ഇതോടെ ആദിത്യനാഥ് മടങ്ങാൻ നിർബന്ധിതനാവുകയായിരുന്നെന്നാണു റിപ്പോർട്ടുകൾ.
സംസ്ഥാനം വൻ ദുരന്തം നേരിടുന്പോൾ കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആദിത്യനാഥിനെ വിമർശിച്ച് യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും രംഗത്തെത്തുകയുണ്ടായി. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് യുപിയിൽ ആദിത്യനാഥിനെ തെരഞ്ഞെടുത്തതെന്നും ഈ സാഹചര്യത്തിൽപോലും ജനങ്ങൾക്കൊപ്പം നിൽക്കാൻ താത്പര്യമില്ലെങ്കിൽ കർണാടകയിൽ മഠം സ്ഥാപിച്ച് അവിടെ അദ്ദേഹം കഴിയുന്നതാണ് ഉചിതമെന്നും അഖിലേഷ് പരിഹസിച്ചു.