യെഡ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു
ബംഗളൂരു:വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിലും സർക്കാർ രൂപീകരിക്കാൻ കർണാടക ഗവർണർ വാജുഭായ് വാല ബി.എസ്. യെദിയൂരപ്പയെ ക്ഷണിച്ചു. യെദിയൂരപ്പയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ബിജെപി സർക്കാർ അധികാരമേൽക്കും. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരും ഒരു സ്വതന്ത്രനുമുൾപ്പെടെ 106 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ ഏഴു പേരുടെ പിന്തുണകൂടി ആവശ്യമാണ്.
സത്യപ്രതിജ്ഞ വ്യാഴാഴ്ച രാവിലെ ഒമ്പതിനു നടക്കും. സർക്കാരിനു ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ നൽകി. യെദിയൂരപ്പ ഗവർണർ വാജു ഭായ് വാലയെ രാവിലെ കണ്ടിരുന്നു. സർക്കാർ രൂപീകരിക്കുന്നതിനായി എംഎൽഎമാരുടെ പിന്തുണക്കത്തും യെദിയൂരപ്പ ഗവർണർക്ക് കൈമാറി. കത്ത് ഗവ ർണർ സ്വീകരിച്ചതായും അദ്ദേഹം ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെദിയൂരപ്പ പറഞ്ഞിരുന്നു.