ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിച്ചു കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി 15 മിനിറ്റ് താനുമായി ചർച്ചയ്ക്കു തയാറായാൽ അദ്ദേഹത്തെ തുറന്നു കാട്ടുമെന്നും റഫാൽ-നീരവ് മോദി വിഷയങ്ങളിൽ മോദിക്കു വാ തുറക്കാനാവില്ലെന്നും ഭരണഘടന സംരക്ഷിക്കുക(സേവ് ദി കോണ്‍സ്റ്റിറ്റ്യൂഷൻ) എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തുന്ന ക്യാന്പയ്ൻ ഉട്ഘാടനം ചെയ്യുകൊണ്ടു രാഹുൽ പറഞ്ഞു.
മോദി പറയുന്നത് എംപിമാരും എംഎൽഎമാരും ഒന്നും സംസാരിക്കരുതെന്നാണ്. എല്ലാവരും മോദിയുടെ മൻ കി ബാത് മാത്രം കേട്ടാൽ മതി. മോദി 15 മിനിറ്റ് താനുമായി ചർച്ചയ്ക്കു തയാറായാൽ അദ്ദേഹത്തെ തുറന്നു കാട്ടും. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ബലാത്സംഗ കേസുകൾ ഓരോ ദിവസവും വർധിച്ചു കൊണ്ടിരിക്കുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന ബിജെപിയുടെ മുദ്രാവാക്യം ഇപ്പോൾ ബിജെപി എംഎൽഎമാരിൽനിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നായി മാറി- രാഹുൽ പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തു ബിജെപി, ആർഎസ്എസ് ആശയങ്ങൾ പിന്തുടരുന്നവരെ മാത്രം നിയമിച്ച് അവയെ തകർക്കുകയാണു മോദി സർക്കാർ ചെയ്യുന്നത്. സുപ്രീം കോടതിയെ തകർക്കുകയാണ്, പാർലമെന്റിനെ അടച്ചുപൂട്ടുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചു ജനങ്ങളോടു നീതി തേടുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
മോദി രാജ്യത്തിന്റെ അന്തസ് തകർത്തു. മോദിക്കു മോദിയിൽ മാത്രമാണു താത്പര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ മോദിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോൾ അദ്ദേഹം പുതിയ വാഗ്ദാനങ്ങളുമായി എളത്തിയിരിക്കുകയാണ്. ദളിതരെ കടന്നാക്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനു വോട്ടിലൂടെ തിരിച്ചടി നൽകണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.