ഡൽഹി:സംസ്ഥാനത്തു സായുധ സൈന്യത്തിനു പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം മേഘാലയയിൽ പിൻവലിച്ചു. അരുണാചൽ പ്രദേശിൽ ചില പ്രദേശങ്ങളിൽ മാത്രമായി നിയമത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും സുരക്ഷാസ്ഥിതിയിൽ പുരോഗമനമുണ്ടായതിനെ തുടർന്നാണ് കരിനിയമം പിൻവലിക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം.അരുണാചലിൽ എട്ടു പോലീസ് സ്റ്റേഷൻ പരിധിയിലേക്കാണ് അഫ്സ്പ നിയമം ചുരുക്കിയിട്ടുള്ളത്. നേരത്തെ, ഇത് 16 പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപിച്ചിരുന്നു. ആസാമുമായും മ്യാൻമറുമായും അതിർത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലാണ് അഫ്സ്പ നിലനിർത്തിയിട്ടുള്ളതെന്നാണു റിപ്പോർട്ടുകൾ.നാഗാലാൻഡ്, മണിപ്പുർ, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിൽ പതിറ്റാണ്ടുകളായി അഫ്സ്പ നിയമം നിലനിൽക്കുകയാണ്. 2015ൽ നാഗാ സായുധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കുശേഷം അഫ്സ്പ പിൻവലിക്കാൻ ധാരണയായിരുന്നെങ്കിലും ഇത് ഇതേവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.അഫ്സ്പ നിയമം നിലനിൽക്കുന്ന പ്രദേശങ്ങൾ “അസ്വസ്ഥ പ്രദേശങ്ങൾ’ എന്ന് നിശ്ചയിക്കപ്പെട്ടതിനാൽ സൈന്യത്തിനു മുൻകൂർ അനുമതിയില്ലാതെ ഇവിടെ പൗരൻമാരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും സ്വയരക്ഷയ്ക്കായി സൈനികാക്രമണം നടത്താനും അനുമതി നൽകിയിരുന്നു. നിയമത്തിന്റെ പിൻബലത്തിൽ സൈന്യം വൻതോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നും ആരോപണമുയർന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കാഷ്മീരിലും നിലനിന്നിരുന്ന പ്രത്യേക സൈനികാധികാര നിയമത്തിനെതിരേ മനുഷ്യാവകാശ പ്രവർത്തകർ ഏറെക്കാലമായി പോരാട്ടത്തിലാണ്. മണിപ്പൂരിൽ ഈ നിയമത്തിനെതിരേ വർഷങ്ങൾ പോരാടിയ ഇറോം ശർമിള ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.