മികവുറ്റ പുതിയ വേർഷനുമായി ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ ‘മെസെഞ്ചർ 4’
നിലവിലെ ഒൻപത് ടാബ് വേർഷന് പകരമായി, കൂടുതൽ ലളിതമായ മൂന്ന് ടാബുകളാണ് പുതിയ വേർഷനില്‍ ഉള്ളത്.
മികവുറ്റ പുതിയ വേർഷനുമായി ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ ‘മെസെഞ്ചർ 4’. ലോകത്തെമ്പാടുമുള്ള 1.3 ബില്യൺ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മികച്ച വിനിമയ സേവനങ്ങളും, കൗതുകകരമായ പൊടിക്കെെകളും ഉൾപ്പെടുത്തിയാണ് മെസെഞ്ചർ 4 എത്തിയിരിക്കുന്നത്. നിലവിലെ ഒൻപത് ടാബ് വേർഷന് പകരമായി, കൂടുതൽ ലളിതമായ മൂന്ന് ടാബുകളാണ് പുതിയ വേർഷനില്‍ ഉള്ളത്.
ചാറ്റ്, പീപ്പീൾ, ഡിസ്ക്കവറി എന്നീ മൂന്ന് പ്രധാന ടാബുകളാണ് പുതിയ മെസെഞ്ചറിന്റെ സവിശേഷത. മെസേജിങ്ങും, ചാറ്റിങ്ങുകളും ‘ചാറ്റ്’ ഓപ്ഷന് കീഴിലാണ് വരുന്നത്. ‘പീപ്പിൾ’ ഓപ്ഷനിൽ കോൺടാക്ടുകളും ഓൺലെെൻ സ്റ്റോറികളും ലഭ്യമാവും. ‘ഡിസ്ക്കവറി’ ഓപ്ഷന് കീഴിലായിരിക്കും ഗെയിം-ബിസിനസ്സ് ഇടപാടുകൾ വരുന്നത്. ബിസിനസ്സിനും, ഉപഭോക്തൃ സമ്പർക്കത്തിനും കൂടുതൽ സൗകര്യപ്രദമാണ് പുതിയ വേർഷൻ.
ലളിതമായ മെസേജിങ് ആപ്പായാണ് മെസെഞ്ചറിന്റെ തുടക്കം. പിന്നീട് ഘട്ടം ഘട്ടമായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുക വഴി ഓഡിയോ, വീഡിയോ ചാറ്റ് വരെ നിലവിൽ മെസെഞ്ചറിലൂടെ സാധ്യമാണ്. മെസെഞ്ചർ നിലവിൽ അതിന്റെ നവീകരണ പാതയിലാണെന്നും കൂടുതൽ ഫീച്ചറുകൾ ആപ്പിൽ ലഭ്യമാക്കുമെന്നും മെസഞ്ചർ ചീഫ് സ്റ്റാൻ ചഡ്നോവ്സ്കി അറിയിച്ചു.