കാറൽ മാർക്സിന്റെ 200ാം ജന്മദിനതോടനുബന്ധിച്ചു തയ്യാറാക്കിയ ലേഖനം.
സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്കട്ടറിയുമായ
എം വി ജയരാജൻ കാഴ്ചപ്പാടിൽ പ്രതികരിക്കുന്നു
കാറൽ മാർക്സിന്റെ 200ാം ജന്മദിനമാണിന്ന്. മുതലാളിത്ത ചൂഷണത്തിനെതിരെ ലോകം മാർക്സിനേയും മാർക്സിസവും അന്വേഷിക്കുന്നത് ശക്തമായ ഒരുകാലഘട്ടത്തിലാണ് മഹാനായ മാർക്സിൻ്റെ ഇരുന്നൂറാം ജന്മദിന വാർഷികം ലോകത്താകെ ആഘോഷിക്കപ്പെടുന്നത്. ചൂഷണരഹിതമായ ഒരുലോക ക്രമത്തിനുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്. ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് മറ്റ് ദർശികന്മാർ ചെയ്തതെങ്കിൽ, മാർക്സ് മാറ്റിമറിക്കുകയാണ് ചെയ്തത്.
മുതലാളിത്ത നയങ്ങൾ ഉള്ളവൻ-ഇല്ലാത്തവൻ അന്തരം വർദ്ധിപ്പിക്കുകയും ചൂഷണം കടുത്തതാക്കുകയുമാണ് ചെയ്തതെന്ന അനുഭവം ലോകത്താകെയുണ്ട്. എന്നാൽ 150 വർഷങ്ങൾക്ക് മുമ്പ് മൂലധനം രചിക്കപ്പെടുമ്പോൾ മുതലാളിത്ത നയങ്ങളുടെ ചൂഷണ വ്യവസ്ഥയെക്കുറിച്ച് തിരിച്ചറിയാനും നിർവചിക്കാനും മാർക്സിനായി. അതാണ് അദ്ദേഹം മൂലധനത്തിലൂടെ ലോകത്തെ അറിയിച്ചത്.
ഏതാനും പേരെ ശതകോടീശ്വരന്മാരാക്കുകയും ബഹുഭൂരിപക്ഷം വരുന്ന ജനതയെ ഇല്ലായ്മകളിലേക്ക് വലിച്ചറിയുകയും ചെയ്യുന്ന ആഗോളവത്ക്കരണ-മുതലാളിത്ത നയങ്ങൾക്കെതിരെ മുതലാളിത്ത രാജ്യമായ അമേരിക്കയിൽ നിന്നാണ് ആദ്യം പ്രതിഷേധം ഉയർന്നത്. ‘We are 99%’ എന്ന മുദ്രാവാക്യം ഉയർത്തി നടന്ന വാൾസ്ട്രീറ്റ് പ്രക്ഷോഭം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. എല്ലാവരും തുല്യരാകുന്ന കാലത്തിനായി ലോകത്താകെ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമായി വരികയാണ്. ഇന്ത്യയിലെ കർഷകരുടെ ലോംഗ് മാർച്ചുൾപ്പടെ ഈ കോർപ്പറേറ്റ് ചൂഷണത്തിനെതിരായ ശക്തമായ ചുവടുവെയ്പായി രേഖപ്പെടുത്തിയതാണ്.മാർക്സിസത്തിന് വലിയപ്രാധാന്യം കൈവന്ന കാലത്താണ് മാർക്സിന്റെ 200ാം ജന്മദിന വാർഷികം വന്നെത്തുന്നതെന്നത് അതിന്റെ പ്രസക്തി കൂടുതൽ വർദ്ധിപ്പിക്കുന്നുണ്ട്.