ജോധ്പുര്‍: ബ്രഹ്മജ്ഞാനികള്‍ ബലാത്സംഗം ചെയ്താല്‍ പാപമില്ലെന്ന് ആശാറാം ബാപ്പു അവകാശപ്പെട്ടിരുന്നതായി മുന്‍അനുയായി.കൂടുതൽ ചോദിച്ച ഭക്തന് അനുഗ്രഹത്തിനുപകരം ലഭിച്ചത് പൊതിരെ തല്ല് ..
ആശാറാം ബാപ്പുവിനെതിരേ പ്രോസിക്യൂഷന്‍ ഹാജരാക്കിയ രാഹുല്‍ കെ. സച്ചാര്‍ എന്ന സാക്ഷി വിചാരണക്കോടതിയിൽ നല്‍കിയ മൊഴികളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. കൗമാരക്കാരിയെ ബലാത്സംഗത്തിനിരയാക്കിയ കുറ്റത്തിന് ജോധ്പുര്‍ പ്രത്യേക കോടതി ആശാറാം ബാപ്പുവിനെ ബുധനാഴ്ചയാണു മരണം വരെ തടവിനു ശിക്ഷിച്ചത്. സ്വയം പ്രഖ്യാപിത ആൾ ദൈവമായ ആശാറാം ബാപ്പു ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളും കറുപ്പും ഉപയോഗിക്കുമായിരുന്നുവെന്നുമുള്ള സാക്ഷിമൊഴി 453 പേജുള്ള വിധിന്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആശ്രമവുമായി അടുപ്പമുണ്ടായിരുന്ന സച്ചാറിന് ആശാറാമിന്റെ വസതിയില്‍ പ്രവേശനവുമുണ്ടായിരുന്നു. 2003ല്‍ പുഷ്‌കര്‍(രാജസ്ഥാന്‍), ഭിവാനി(ഹരിയാന), അഹമ്മദാബാദ്(ഗുജറാത്ത്) എന്നീ ആശ്രമങ്ങളില്‍വച്ച് പെണ്‍കുട്ടികളെ ആശാറാം ഉപദ്രവിക്കുന്നതായി കണ്ടു എന്നു സച്ചാര്‍ കോടതിയില്‍ ബോധിപ്പിച്ചു. അഹമ്മാദാബാദിലെ ആശ്രമത്തില്‍വച്ച് ഒരുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ടതിനെത്തുടര്‍ന്ന് ഇതേക്കുറിച്ച് ആശാറാമിനോടു ചോദിച്ചപ്പോള്‍ ബ്രഹ്മജ്ഞാനികള്‍ ഇതൊന്നും ചെയ്താല്‍ പാപമില്ലെന്നായിരുന്നു മറുപടി.
ബ്രഹ്മജ്ഞാനികള്‍ക്ക് ഇത്തരം ഇച്ഛകള്‍ എങ്ങനെ തോന്നുവെന്ന് വീണ്ടും ചോദിച്ചപ്പോള്‍ അനുചരന്മാരെ ഉപയോഗിച്ചു ആശ്രമത്തിനു വെളിയിലെറിഞ്ഞുവെന്നും സച്ചാറിന്റ മൊഴിയില്‍ പറയുന്നു. ആശാറാമിന്റെ സംഘം വിട്ടശേഷം സച്ചാറിനെതിരേ രണ്ടുതവണ ആക്രമണമുണ്ടായി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നിട്ടില്ല.
ആശാറാമിനെതിരേ അന്വേഷണ സംഘാംഗമായിരുന്ന റിട്ട. ഡി.സി.പി. അജയ് പാല്‍ ലംബയും രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 2013 ല്‍ ആശാറാം പീഡിപ്പിച്ചെന്നു പെണ്‍കുട്ടി പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പോലും രാജസ്ഥാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് അദ്ദേഹം കുറിച്ചു. പോലീസുകാര്‍ പോലും വണങ്ങുന്ന ആള്‍െദെവത്തിനെതിരേ തിരിഞ്ഞാല്‍ നീതി കിട്ടില്ലെന്നു പരാതിക്കാര്‍ വിശ്വസിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് ആശാറാം. എന്നാല്‍, ആശാറാം ജയില്‍മോചിതനാകാനുള്ള സാധ്യത വിരളമാണെന്നാണു നിയമ വിദഗ്ധര്‍ പറയുന്നത്. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അദ്ദേഹം കഴിഞ്ഞദിവസം ശിക്ഷിക്കപ്പെട്ടത്. സൂറത്തില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ വിധി വരാനുണ്ട്. ആശാറാമും മകന്‍ നാരായണ്‍ സായിയും ഈ കേസില്‍ പ്രതികളാണ്. 2013 ലെ പീഡനത്തിന്റെ പേരില്‍ 2014 ലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ രണ്ട് അനുയായികള്‍ കൊല്ലപ്പെട്ട കേസിലും 2008 ല്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട കേസിലും അദ്ദേഹം വിചാരണ നേരിടുകയാണ്