ലക്നോ: വീണ്ടും വിവാദ പ്രസ്താവനയുമായി ബി ജെ പി എം ൽ എ ,രാജ്യത്ത് ബലാത്സംഗങ്ങൾ വർധിക്കുന്നതിന് ഉത്തരവാദികൾ മാതാപിതാക്കളാണെന്ന് . ഉത്തർപ്രദേശിലെ ബല്ലിയ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്.
“15 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ അതീവ ശ്രദ്ധയോടെയാണു വളർത്തേണ്ടത്. അത് അവരുടെ രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. എന്നാൽ രക്ഷിതാക്കൾ കുട്ടികളെ സ്വതന്ത്രമായി കറങ്ങിനടക്കാനാണ് അനുവദിക്കുന്നത്. ശാരീരിക പീഡനമെന്ന സാമൂഹിക വിപത്തിനു കാരണം ഇതാണ്”‘. കുട്ടികൾക്ക് മൊബൈൽ ഫോണ് നൽകരുതെന്നും എംഎൽഎ പറഞ്ഞു.
ഇത് ആദ്യമായല്ല സുരേന്ദ്ര സിംഗ് വിവാദ പ്രസ്താവനകൾ നടത്തുന്നത്. ഉന്നാവോയിൽ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ ആരോപണവിധേയനായ ബിജെപി എംഎൽഎയ്ക്കു പിന്തുണയുമായി സുരേന്ദ്ര സിംഗ് രംഗത്തെത്തിയിരുന്നു. മൂന്നു കുട്ടികളുടെ അമ്മയൊയ സ്ത്രീയെ പീഡിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു അന്ന് സിംഗിന്റെ വാദം.
നേരത്തെ, ഇന്ത്യ ഹിന്ദുരാഷ്ട്രം ആയിക്കഴിഞ്ഞാൽ ഇന്ത്യയിലെ മുസ്ലിംകൾ ഹൈന്ദവ സംസ്കാരം സ്വീകരിക്കണമെന്നും മമത ബാനർജി ശൂർപ്പണഖയാണെന്നും സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു.