‘ബാഹുബലി 2’ന് ചൈനയിലും അതിശയിപ്പിക്കുന്ന പ്രതികരണം
ഇന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ തുറന്നുവരുന്ന ലോകവിപണിയെക്കുറിച്ച് ചലച്ചിത്ര വ്യവസായത്തെ ബോധ്യപ്പെടുത്തിയ എസ്.എസ്.രാജമൗലി ചിത്രം ‘ബാഹുബലി 2’ന് ചൈനയിലും അതിശയിപ്പിക്കുന്ന പ്രതികരണം. ഇന്ത്യന്‍ സിനിമകള്‍ക്ക് (വിശേഷിച്ചും ബോളിവുഡിലെ കൗതുകമുണര്‍ത്തുന്ന പ്രോജക്ടുകള്‍ക്ക്) ഏറെ സാധ്യതയുള്ള വിപണിയെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍ തെളിയിച്ച വഴിയേയാണ് രാജമൗലി ചിത്രത്തിന്‍റെയും പ്രയാണം. ഇന്ത്യയിലെ ആഭ്യന്തര വിപണിയുള്‍പ്പെടെ റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രം ചൈനീസ് മാര്‍ക്കറ്റില്‍ എത്തുന്നതെന്നും ശ്രദ്ധേയം. നേരത്തേ പലതവണ ചൈനയിലെ തീയേറ്ററുകളിലേക്ക് ബാഹുബലി 2 എത്തിക്കാന്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെങ്കിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം വീണ്ടും ഉയര്‍ന്നുവന്നതോടെ നീണ്ടുപോവുകയായിരുന്നു.
ഒടുവില്‍ മെയ് 4, വെള്ളിയാഴ്ച ചൈനയിലെ എണ്ണായിരത്തിലേറെ സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ പ്രേക്ഷകര്‍ കൈവിട്ടില്ല. 51,494 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് വെള്ളിയാഴ്ച ലഭിച്ചത്. അതില്‍നിന്ന് നേടിയത് 2.43 മില്യണ്‍ ഡോളറും (16 കോടി രൂപ). പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ചിത്രം ശനിയാഴ്ച കളക്ഷന്‍ വര്‍ധിപ്പിച്ചു. നേടിയത് 2.26 മില്യണ്‍ ഡോളര്‍ (19.7 കോടി രൂപ). ഞായറാഴ്ച നേടിയ 2.26 മില്യണ്‍ ഡോളറും (15 കോടി രൂപ) കൂടി ചേര്‍ത്ത് ആദ്യ വാരാന്ത്യത്തില്‍ ചിത്രം ആകെ നേടിയത് 7.63 മില്യണ്‍. അതായത് 51.20 കോടി ഇന്ത്യന്‍ രൂപ!