ജോധ്പുർ: കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിനു ജീവപര്യന്തം തടവ്. ജോധ്പൂരിലെ എസ് സി/എസ്ടി കോടതിയാണ് ജയിലിലെ കോടതിമുറിയിൽ ശിക്ഷ വിധിച്ചത്. കേസിൽ പ്രതികളായ ശിൽപ്പി, ശരദ് എന്നിവർക്ക് 20 വർഷം വീതം തടവും കോടതി വിധിച്ചു. കേസിൽ ആശാറാം കുറ്റക്കാരനെന്നു കോടതികണ്ടെത്തിയിരുന്നു.
വിധി പറയുന്നതിനു മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിലാണ് ആശാറാമിന് വൻ അനുയായികളുള്ളത്. ആശ്രമങ്ങളെന്ന പേരിൽ രാജ്യത്ത് 400 കേന്ദ്രങ്ങൾ ആശാറാമിനുണ്ട്. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം ആശാറാമിനെ പാർപ്പിച്ചിരിക്കുന്ന ജോധ്പുർ ജയിലിനു കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ആശാറാം പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി 2013 ഓഗസ്റ്റ് 20നാണ് 16 വയസുള്ള പെണ്കുട്ടി പരാതി നൽകിയത്. മധ്യപ്രദേശിലുള്ള അശാറാം ബാപ്പുവിന്റെ ആശ്രമത്തിൽ താമസിച്ച് പഠിക്കുന്നതിനിടെ, 2013 ഓഗസ്റ്റ് 15 ന് ആശാറാമിന്റെ ജോധ്പൂരിലെ ആശ്രമത്തിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ആശാറാം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.

കേസിൽ 10 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴു പേർക്കുനേരെ ആക്രമണം ഉണ്ടാകുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാക്ഷികളെ വധിക്കാൻ അനുയായികൾ വാടകക്കൊലയാളിയെ നിയോഗിച്ചതായി വാർത്തയുണ്ടായിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ ആശാറാം 2013 ഓഗസ്റ്റ് 31 മുതൽ ജയിൽ കഴിയുകയാണ്.