ഫ്ളോറിഡയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു
ഫ്ളോറിഡ ഡിസ്നി വേൾഡിനു സമീപമുള്ള നാഷണൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ മരിക്കുകയും രണ്ടു പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
ഫ്ളോറിഡ: ഫ്ളോറിഡ ഡിസ്നി വേൾഡിനു സമീപമുള്ള നാഷണൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ മരിക്കുകയും രണ്ടു പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
ഇതേ വാനിലുണ്ടായിരുന്ന രണ്ടു കുട്ടികൾ ഷാലി സ്മിത്ത് (10), സ്കയ്ലർ സ്മിത്ത് (5) എന്നിവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്നു വിട്ടയച്ചു.
കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന മിനിവാൻ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജോസഫൈൻ (76), മകൾ ജൂലി സ്മിത്ത് (41) കൊച്ചു മകൾ സ്ക്കാർലറ്റ് സ്മിത്ത് (5) എന്നിവർ സംഭവ സ്ഥലത്തു വച്ചും മറ്റൊരു കൊച്ചുമകൻ ജാക്സണ് സ്മിത്ത് (11) ആശുപത്രിയിൽ വച്ചും മരിച്ചതായി ഫ്ളോറിഡാ ഹൈവേ പെട്രോൾ വക്താവ് അറിയിച്ചു.
അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന പിക്ക്പ് ട്രക്ക് മിനിവാനിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ തലകീഴായി മറിഞ്ഞു. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മിനി വാനിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും സീറ്റ് ബൽറ്റ് ധരിച്ചിരുന്നു. എട്ടു പേർ ഉൾപ്പെടുന്ന കുടുംബത്തിലെ രണ്ടു പേർ ഷെയ്ൻ സ്മിത്ത് (43), വില്യം ഫെയ് (76) എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി വക്താവ് പറഞ്ഞു.