വാഷിങ്ടണ്‍: കേംബ്രിജ് അനലിറ്റിക്കയിലൂടെ 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതും സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തതും തങ്ങള്‍ക്ക് പറ്റിയ തെറ്റാണെന്നും ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് സെനറ്റ് ജൂഡീഷ്യറി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്കു മുമ്പാകെ പറഞ്ഞു.ഉപഭോക്താക്കള്‍ക്ക് ദോഷകരമായും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പറ്റുമെന്നത് ഗൗരവമായി എടുത്തില്ല. വ്യാജവാര്‍ത്തകള്‍, തിരഞ്ഞെടുപ്പിലെ ഇടപെടലുകള്‍, എന്നിവയില്‍ ജാഗ്രത പുലര്‍ത്തിയില്ല. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിനെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്ക മാറ്റങ്ങള്‍ ഫേസ്ബുക്കില്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ വ്യക്തിവിവരങ്ങള്‍ കേംബ്രിജ് അനലറ്റിക ചോര്‍ത്തിയതിനു ശേഷം ദുരുപയോഗം ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഫേസ്ബുക്ക് പ്രതിരോധത്തിലാകുന്നത്.