പതിനെട്ടുകാരിയെ ബിജെപി എംഎൽഎ മാനഭംഗo ചെയ്ത സംഭവം സിബിഐ അന്വേഷിക്കും.
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനെട്ടുകാരിയെ ബിജെപി എംഎൽഎ മാനഭംഗത്തിനിരയാക്കിയ സംഭവം സിബിഐ അന്വേഷിക്കും. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് തീരുമാനം. യുവതിയുടെ കുടുംബത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കേസിന്റെ മുഴുവൻ വിവരങ്ങളും സിബിഐയ്ക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടു. ഇതിനിടെ ആരോപണ വിധേയനായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ബുധനാഴ്ച രാത്രിയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി. കുൽദീപ് സിംഗും നൂറോളം വരുന്ന അനുയായികളും 20 വാഹനങ്ങളിലായാണ് പോലീസ് ഉദ്യോഗസ്ഥന്റെ വസതിയിൽ എത്തിയത്.
പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയിട്ടും എംഎൽഎയെ അറസ്റ്റ് ചെയ്തില്ല. എംഎൽഎ മാനഭംഗത്തിനിരയാക്കിയ സംഭവവുമായും പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചതുമായും ബന്ധപ്പെട്ട് നാർക്കോ പരിശോധനയും സിബിഐ അന്വേഷണവും വേണമെന്ന് എംഎൽഎയുടെ ഭാര്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പോലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ഇരയായ പെൺകുട്ടി കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്നോയിലെ വസതിക്കു മുന്നിൽ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. ജില്ലാ ഭരണകൂടം തന്നെ ഹോട്ടൽ റൂമിൽ അടച്ചിരിക്കുകയാണ്. തന്റെ അച്ഛനെ കൊലപ്പെടുത്തിയ എംഎൽഎയുടെ സഹോദരനും സംഘവും അമ്മാവനെയും കൊലപ്പെടുത്തിയെന്ന് പെൺകുട്ടി പറഞ്ഞു.