പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി …കുടുംബത്തിന് സഹായവുമായി പി എം ഫ്
കൊല്ലം :പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി. മുഖ്യ പ്രതിയായ ഇമേഷും എ ഐ.വൈ.എഫ് പ്രവർത്തകൻ രതീഷുമാണ് കീഴടങ്ങിയത്. നേരത്തെ അറസ്റ്റിലായ എ.ഐ.വൈ.എഫ് നേതാവ് ഗിരീഷിനെ കോടതി റിമാന്റ് ചെയ്തു. പുനലൂർ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് പ്രതികളായ ഇമേഷും രതീഷും ഇന്ന് വൈകിട്ടോടെ കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണ കുറ്റപ്രകാരം രണ്ട് പേരേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തിനകം കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം സി.ഐ അൻവർ അറിയിച്ചു.
നേരത്തെ അറസ്റ്റിലായ എ ഐ വൈ എഫ് നേതാവ് ഗിരീഷിനെയും കോടതി റിമാൻറ് ചെയ്തിട്ടുണ്ട്. കേസിൽ ഇനി മൂന്ന് പേരേ കൂടി പിടികൂടാൻ ഉണ്ട്. അതേസമയം സി.പി.എം സമ്മർദ്ദം മൂലം നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണെന്നാണ് എഐവൈഎഫിന്റെ നിലപാട്.
കേസിൽ എഐവൈഎഫിന്റെ കൊല്ലത്തെ പ്രധാന നേതാക്കൾ അറസ്റ്റിലായതോടെ സിപിഐ പ്രതിരോധത്തിലായിരിക്കുകയാണ്. മലപ്പുറത്ത് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിലും വിഷയം ചർച്ചയാകും
എഐവൈഎഫ് ഇളമ്പില്‍ മണ്ഡലം പ്രസിഡന്റാണ് ഗിരീഷ്. സംഭവത്തിൽ എഐവൈഎഫ് പ്രവർത്തകർക്ക് എതിരെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. എഐവൈഎഫ് പ്രവർത്തകർ സുഗതനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് മകൻ സുനിൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനു കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു.
പുനലൂർ സ്വദേശി സുഗതനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് വർക്ക് ഷോപ്പ് ഷെഡിന്റെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത മൂലം സുഗതൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ഇരുപത്തിയഞ്ച് വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത സുഗതൻ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ച് ഇളമ്പലിൽ ഒരു വർക്ക് ഷോപ്പ് നിർമിച്ചിരുന്നു. മറ്റൊരാളുടെ ഭൂമി പാട്ടത്തിനു എടുത്തായിരുന്നു നിർമാണം. എന്നാൽ നിർമാണം പൂർത്തിയായതിനു പിന്നാലെ സ്ഥലം വയൽ നികത്തിയതാണെന്ന് ആരോപിച്ച് എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടി വർക്ക് ഷോപ്പിന്റെ പ്രവർത്തനം തടയുകയും ചെയ്തു. ഇതോടെയാണ് സുഗതൻ കടക്കെണിയിൽ കുടുങ്ങിയത്. സുഗതനോട് ചില നേതാക്കൾക്ക് വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്ന് എഐവൈഎഫ് സുഗതനെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നുമാണ് മകൻ സുനിൽ നൽകിയിരിക്കുന്ന മൊഴി.കഴിഞ്ഞ ദിവസ്സം പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധികൾ മരിച്ച സുഗതൻ വീട് സന്ദർശിക്കുകയും നടപത്യവശ്യപ്പെട്ട് അധികാരകേന്ദ്റങ്ങളിൽ സമ്മർദം ചെലുത്തുകയാണ് ചെയ്തിരുന്നു .