പ്രഖ്യാപനം വന്നു, ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം
ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷിമന്ത്രി സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. കൃഷിവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ചക്കയെ സംസ്ഥാനഫലമാക്കണമെന്ന കൃഷി വകുപ്പിന്റെ നിര്‍ദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയതോടെയാണ് പ്രഖ്യാപനം നടന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 30-60 കോടി വരെ ചക്ക ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കീടനാശിനി പ്രയോഗം ഒട്ടും ഇല്ലാതെ ഉത്പാദിപ്പിക്കുന്ന അപൂര്‍വം ഫലങ്ങളില്‍ ഒന്നാണ് ചക്ക. അതിനാല്‍ത്തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണം ഉള്ളതാണ്. ഗ്രാമങ്ങളില്‍ തോട്ടമോ പരിപാലനമോ ഒന്നുമില്ലാതെയാണ് പ്ലാവ് വളരുന്നത്.ഏറ്റവും പോഷകമൂല്യമുള്ള ഫലമാണ് ചക്ക. മൂല്യവര്‍ധിത സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ 30,000 കോടി രൂപയുടെ വരുമാനസാധ്യതയാണ് ഉള്ളത്. ചക്കയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ നിന്നുമാകും ഈ വരുമാനം ലഭിക്കുക. സംസ്ഥാനത്ത് ചക്ക വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം ഇതുവരെ പൂര്‍ണമായി ഉപയോഗപ്പെടുത്താനായിട്ടില്ല. മന്ത്രി പറഞ്ഞു.