പടനയിക്കാൻ വീണ്ടും സോണിയ
ഡൽഹി: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ്സിന്റെ പടനയിക്കാൻ സോണിയ ഗാന്ധി രംഗത്തിറങ്ങുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് ചൊവ്വാഴ്ച ബിജാപൂരിലെ തെരഞ്ഞെടുപ്പു റാലിയിൽ സോണിയ പ്രസംഗിക്കുക. പ്രവർത്തകരിലും വോട്ടർമാരിലും വലിയ ആവേശം ഉണർത്താൻ യുപിഎ അധ്യക്ഷയായ സോണിയയുടെ കർണാടക സന്ദർശനത്തിന് കഴിയുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് സോണിയ ഗാന്ധിയുടെ വരവെന്ന് കർണാടകയിലെ പാർട്ടി ചുമതലയുള്ള സെക്രട്ടറി മണിക് ടാഗോർ പറഞ്ഞു. കർണാടകയിൽ അധികാരത്തിൽ തിരിച്ചെത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും കണക്കുകൂട്ടൽ.
ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടു വർഷമായ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്നു വിട്ടുനിന്ന സോണിയ (71) അടുത്തിടെയാണ് മകൻ രാഹുലിനു വേണ്ടി പാർട്ടി അധ്യക്ഷ പദവിയും ഒഴിഞ്ഞത്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് 2016 ഓഗസ്റ്റ് രണ്ടിന് വരാണാസിയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ ക്ഷീണിതയായി വീഴാനൊരുങ്ങിയതോടെയാണ് സോണിയ പ്രചാരണരംഗം വിട്ടത്