കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്‍സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി.
അതേസമയം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് സാലിഹിന്‍റേയും സാബിത്തിന്‍റേയും അച്ഛന്‍ മൂസയ്ക്കും ഇതേ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും മലപ്പുറം സ്വദേശികളായ രണ്ട് പേരും മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറു പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്.
മറ്റ് ഔദ്യോഗിക പരിപാടികള്‍ റദ്ദ്ചെയ്ത് ആരോഗ്യ മന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.